ഉത്തർപ്രദേശിലെ രാംപൂരിൽ മകൻ്റെ ഭാവി വധുവിനൊപ്പം ഒളിച്ചോടി അച്ഛൻ. പ്രായപൂർത്തിയാകാത്ത മകനുമായി വിവാഹം പറഞ്ഞുറപ്പിച്ച 22കാരിയുമായാണ് 55കാരനായ ഷക്കീൽ നാടുവിട്ടത്. പിന്നാലെ ഇരുവരും വിവാഹിതരാവുകയും ചെയ്തു. സംഭവത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്നാണ് പൊലീസ് ഭാഷ്യം.
മകനുവേണ്ടി പെണ്ണുകാണാൻ പോയപ്പോഴാണ് ഷക്കീൽ 22കാരിയായ ജബീനയുമായി പ്രണയത്തിലാവുന്നത്. പ്രായപൂർത്തിയാകാത്ത മകന് കല്യാണം ഉറപ്പിച്ചതും ആറ് മക്കളുടെ അച്ഛനായ ഷക്കീൽ തന്നെയാണ്. ഇതിന് കുടുംബാംഗങ്ങൾ എതിർത്തപ്പോൾ അവരെ മർദിച്ചതായും റിപ്പോർട്ടുണ്ട്. പിന്നാലെ ഷക്കീലും ജബീനയും നിരന്തരം ഫോണിൽ സംസാരിക്കാൻ തുടങ്ങി.
ഷക്കീലിൻ്റെ ഭാര്യ ഷബാനയ്ക്ക് ഇരുവരുടെയും ബന്ധത്തിൽ സംശയം തോന്നിയിരുന്നു. ഇവരെ രണ്ട് തവണ കയ്യോടെ പിടികൂടിയിരുന്നെന്നും ഷബാന പറയുന്നു. "അയാൾ ദിവസം മുഴുവൻ അവളെ വീഡിയോ കോൾ ചെയ്യാറുണ്ടായിരുന്നു. ആദ്യം ആരും എന്നെ വിശ്വസിച്ചില്ല. പിന്നെ ഞാനും എന്റെ മകനും ചേർന്ന് അവർക്കെതിരെ തെളിവുകൾ ശേഖരിച്ചു," ഷബാന മാധ്യമങ്ങളോട് പറഞ്ഞു.
അച്ഛന്റെ ബന്ധത്തെക്കുറിച്ച് അറിഞ്ഞതിനെത്തുടർന്ന് 15 വയസ്സുള്ള മകൻ സ്ത്രീയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചുവെന്നും ഷബാന പറഞ്ഞു. വീട്ടിൽ നിന്നും സ്വർണവും പണവും കൈക്കലാക്കിയാണ് ഷക്കീൽ സ്ഥലം വിട്ടത്. രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വർണവും ഇയാൾ വീട്ടിൽ നിന്നും കൊണ്ടുപോയെന്നും കുടുംബം ആരോപിക്കുന്നു.