

പഞ്ചാബിലെ ഫിറോസ്പൂരിൽ കൈകൾ ബന്ധിച്ച് അച്ഛൻ കനാലിലേക്ക് തള്ളിയ 17 വയസ്സുള്ള പെൺകുട്ടി അത്ഭുതകരമായി തിരിച്ചെത്തി. രണ്ട് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ പെൺകുട്ടി ഞെട്ടിക്കുന്ന രക്ഷപ്പെടലിനെ കുറിച്ച് വെളിപ്പെടുത്തൽ നടത്തി.ജയിലിൽ നിന്ന് പിതാവിനെ മോചിപ്പിക്കണമെന്നും മാധ്യമങ്ങൾ വഴി പെൺകുട്ടി ആവശ്യപ്പെട്ടു.
സെപ്റ്റംബർ 29 നാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പെൺകുട്ടിയ്ക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് ആരോപിച്ചാണ് പെൺകുട്ടിയുടെ പിതാവ് സുർജിത് സിംഗ് അമ്മയുടേയും സഹോദരിമാരുടേയും മുന്നിൽ വെച്ച് കൈകൾ കെട്ടി കനാലിലേക്ക് തള്ളിയിട്ടത്. ഇയാൾ തന്നെ ക്രൂരമായ പ്രവൃത്തിയുടെ വീഡിയോ പകർത്തുകയും പിന്നീട് ഇത് വൈറൽ ആവുകയും ചെയ്തിരുന്നു. പിന്നീട് പെൺകുട്ടിയുടെ ബന്ധുവിൻ്റെ പരാതിയിൽ ഫിറോസ്പൂർ സിറ്റി പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് സിംഗിനെ അറസ്റ്റ് ചെയ്തു.
കനാലിലെ വെള്ളത്തിൻ്റെ ഒഴുക്കിൽ കൈത്തണ്ടയിലെ കയറുകൾ അയഞ്ഞതോടെയാണ് പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടത്. വെള്ളത്തിലൂടെ ഒഴുകി നീങ്ങിയ അവളുടെ തല വെള്ളത്തിൽ നിന്ന് പുറത്തേക്ക് തള്ളി നിൽക്കുന്ന ഒരു ഇരുമ്പ് കമ്പിയിൽ ഇടിക്കുകയും ആ ഇരുമ്പുകമ്പിയിൽ പിടിച്ച് രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് മൂന്ന് വഴിയാത്രക്കാർ പെൺകുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ താൻ ചികിത്സയിലാണെന്നും പെൺകുട്ടി വ്യക്തമാക്കി.
അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും ഇളയ സഹോദരിമാരെയോർത്ത് അച്ഛനെ വെറുതെ വിടണമെന്നും പെൺകുട്ടി അഭ്യർഥിച്ചു. ബന്ധുക്കളെ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയ പെൺകുട്ടി പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.