

ചെന്നൈ: അശ്ലീല സന്ദേശ വിവാദത്തിൽ ആരോപണവിധേയനായ ടിവികെ എംഎൽഎയ്ക്കെതിരെ വനിതാ കളക്ടർ പരാതി നൽകി. ടിവികെ എംഎൽഎ അരുൾ വിഘ്നേഷിനെതിരേയാണ് കള്ളക്കുറിച്ചി ജില്ലാ കളക്ടർ പരാതി നൽകിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ജില്ലാ കളക്ടർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയെന്നാണ് റിപ്പോർട്ട്. എംഎൽഎക്കെതിരെ കളക്ടർ പരാതി നൽകിയിട്ടില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചിരുന്നത്. ചീഫ് ജസ്റ്റിസ് ചൊവ്വാഴ്ച ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് കളക്ടർ പരാതി നൽകിയിരിക്കുന്നത്.
കള്ളക്കുറിച്ചി എംഎൽഎയായ അരുൾ വിഘ്നേഷ് കളക്ടറുടെ വസതിയിലെത്തി മോശമായ ഉദ്ദേശ്യത്തോടെ സമീപിച്ചെന്നും അശ്ലീലസന്ദേശങ്ങൾ അയച്ചെന്നുമാണ് ആരോപണം. ഡിഎംകെ നേതാവായ കനിമൊഴിയാണ് വിഷയം ഉന്നയിച്ചത്. എന്നാൽ, ടിവികെ എംഎൽഎയും പാർട്ടിയും മന്ത്രിമാരും ആരോപണങ്ങൾ നിഷേധിച്ചിരുന്നു. ഇതിനിടെയാണ് അഭിഭാഷകനായ ആർ. ത്രിശൂലി എംഎൽഎക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, വിഷയത്തിൽ പൊലീസിനോ ചീഫ് സെക്രട്ടറിക്കോ രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നായിരുന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇതോടെ മാധ്യമവാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ലെന്നും പരാതി ലഭിച്ചില്ലെങ്കിൽ ഇടപെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിഷയത്തിൽ പരാതിയുണ്ടോ എന്ന് കളക്ടറോട് അന്വേഷിച്ച് മറുപടി നൽകാനും ഹൈക്കോടതി പബ്ലിക് പ്രോസിക്യൂട്ടർക്ക് നിർദേശം നൽകി. ചീഫ് സെക്രട്ടറിയിൽനിന്നടക്കം വ്യക്തവരുത്താനും കോടതി നിർദേശിച്ചു.