ഹൈദരാബാദ്: മാനസികാരോഗ്യത്തിന് ചികിത്സ തേടിയിരുന്ന ആളെ വിവാഹം ചെയ്ത വനിതാ സൈക്കോളജിസ്റ്റ് ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കി. ഡോക്ടർ രജിതയാണ് ഭർത്താവ് രോഹിത്തിൻ്റെയും കുടുംബത്തിൻ്റെയും ഗാർഹിക പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്.
രോഹിത് ബഞ്ചാര ഹിൽസിലെ മാനസികരോഗാശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. ഡോ. രജിത അന്ന് ഒരു ഇന്റേൺ ആയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, അവരുടെ പരിചരണത്തിൽ രോഹിത്തിൻ്റെ മാനസികാരോഗ്യത്തിൽ വലിയ പുരോഗതി കുടുംബം ശ്രദ്ധിച്ചിരുന്നു. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ രോഹിത്ത് പിന്നീട് രജിതയോട് വിവാഹാഭ്യർഥന നടത്തുകയും താമസിയാതെ അവർ വിവാഹിതരാകുകയും ചെയ്തു.
വിവാഹശേഷം രോഹിത് ജോലി നിർത്തിയതായും രജിതയുടെ ശമ്പളം സ്വകാര്യ ചെലവുകൾക്കായി ഉപയോഗിച്ചതായും രജിതയുടെ കുടുംബം പറയുന്നു. ഒരു പ്രശസ്ത ഇന്റർനാഷണൽ സ്കൂളിൽ ചൈൽഡ് സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന രജിത, അയാളുടെ പെരുമാറ്റം മാറ്റാൻ ഒരുപാട് ശ്രമിച്ചു. എന്നാൽ, ഫലമൊന്നുമുണ്ടായില്ല. രജിത പണം നൽകാൻ വിസമ്മതിക്കുമ്പോഴെല്ലാം രോഹിത് അവളെ ശാരീരികമായി ഉപദ്രവിക്കുമായിരുന്നുവെന്ന് രജിതയുടെ കുടുംബം പറയുന്നു. രോഹിതിനോടൊപ്പം മാതാപിതാക്കളായ കിഷ്ടയ്യ, സുരേഖ, സഹോദരൻ മോഹിത് എന്നിവരും പീഡനത്തിൽ പങ്കുചേർന്നു.
നേരത്തെ ജൂലൈ 16ന് രജിത അമിത അളവിൽ ഉറക്കഗുളിക കഴിച്ച് രജിത ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ശേഷം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് മാതാപിതാക്കൾ വീട്ടിലേക്ക് കൊണ്ടുവരികയും ചെയ്തു. ജൂലൈ 18ന് വീണ്ടും അപ്പാർട്ട്മെൻ്റിൻ്റെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ വെച്ച് മസ്തിഷ്ക മരണം സംഭവിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പെൺകുട്ടിയുടെ പിതാവ് സബ് ഇൻസ്പെക്ടർ നരസിംഹ ഗൗഡ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സഞ്ജീവ റെഡ്ഡി നഗർ പൊലീസ് കേസെടുത്തു.