

എഥനോൾ (E20 പെട്രോള്‍) ഇന്ധന ഉപയോഗവുമായി ബന്ധപ്പെട്ട് വാസ്തവവിരുദ്ധമായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയും, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ നാല് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കേസെടുത്തു. ബിഹാറില്‍ നിന്നുള്ള യൂട്യൂബര്‍ മനീഷ് കശ്യപ്, ദേശി ബോയ്‌സ് എൻസിആർ, ഹർഷിത് റാഠി, അങ്കലേഷ് ഇൻവാട്ടെ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാഗ്‌പുര്‍ സൈബർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്രമന്ത്രിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമമാണെന്നു ചൂണ്ടിക്കാട്ടി നാഗ്‌പൂരിലെ ബിജെപി സോഷ്യല്‍ മീഡിയ സെല്‍ മേധാവി ശിശിര്‍ ത്രിപാഠി നല്‍കിയ പരാതിയിലാണ് നടപടി.
എഥനോൾ നയത്തെ വിമര്‍ശിച്ച ഇൻഫ്ലുവൻസർമാർക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. എഥനോൾ നയത്തിന്റെ മറവിൽ അഴിമതികളും വ്യാജ ഇടപാടുകളും നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാല്‍ തെറ്റായതും, അടിസ്ഥാന രഹിതവുമായ വിവരങ്ങളാണ് ഇവര്‍ പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
വീഡിയോയ്ക്ക് ആധികാരികത ലഭിക്കാന്‍ സാധാരണക്കാരുമായുള്ള വ്യാജവും തെറ്റിധരിപ്പിക്കുന്നതുമായ അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തി. ആളുകളുടെ ശ്രദ്ധ നേടാനും, കാഴ്ചക്കാരനെ കൂട്ടാനും കേന്ദ്രമന്ത്രിയുടെ പേര് ഉപയോഗിച്ചു. വീഡിയോകളിൽ പറയുന്ന തട്ടിപ്പ് കേസുകളുമായോ സംഭവങ്ങളുമായോ കേന്ദ്രമന്ത്രിക്ക് ബന്ധവുമില്ലെന്നും സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ വ്യക്തമായി. വീഡിയോയെക്കുറിച്ചും, അതിന്റെ ഇറവിടത്തെക്കുറിച്ചുമുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.