അഹമ്മദാബാദിൽ തകർന്നു വീണ വിമാനത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാനിയും ഉണ്ടായിരുന്നതായി സൂചന. വിജയ് രൂപാനിയുടെ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. 12 സി സീറ്റായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. വിജയ് രൂപാനി വിമാനത്തിൽ നിന്ന് ബോർഡ് ചെയ്തെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനർ വിമാനമാണ് ഉച്ചയോടെ തകർന്ന് വീണത്. പറന്നുയർന്നതിന് തൊട്ടുപിന്നാലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകർന്നുവീഴുകയായിരുന്നു.
സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള മേഘാനി നഗർ പ്രദേശത്ത് ഫോറൻസിക് ക്രോസ് റോഡിനടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലണ്ടൻ വരെയുള്ള യാത്രയായതിനാല്‍ ഇന്ധനം അധികമായുണ്ടായിരുന്നു. ഇതും അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിക്കാൻ കാരണമായെന്നാണ് റിപ്പോർട്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഗുജറാത്ത് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പൊലീസ് കമ്മീഷണർ എന്നിവരുമായി അപകടത്തെ കുറിച്ച് സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്.