

ലഖ്‌നൗ: ഉത്തർപ്രദേശിലെ കനൗജ് ജില്ലയിൽ ആഗ്ര എക്സ്പ്രസ്‌വേയിൽ നിർത്തിയിട്ടിരുന്ന സ്കൂൾ ബസിൽ അമിതവേഗതയിൽ വന്ന ട്രക്ക് ഇടിച്ചുകയറി നാല് കുട്ടികൾ മരിക്കുകയും 24 വിദ്യാർഥികൾ ഉൾപ്പടെ 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ഏകദേശം 5:30-നും 6:00-നും ഇടയിൽ കനൗജിലെ തത്തിയ ഭാഗത്താണ് അപകടം ഉണ്ടായത്.
ആഗ്രയിലെ താജ്മഹൽ സന്ദർശിച്ച ശേഷം കൗശാംബിയിലെ ഓറിയൻ്റൽ പബ്ലിക് സ്കൂളിലേക്ക് മടങ്ങുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾക്ക് ശുചിമുറി ഉപയോഗിക്കുന്നതിനായാണ് എക്സ്പ്രസ് വേയുടെ വശത്ത് ബസ് നിർത്തിയിട്ടിരുന്നത്. പിന്നിൽ നിന്ന് അമിതവേഗതയിലെത്തിയ ട്രക്ക് ബസിൻ്റെ പിൻഭാഗത്ത് ശക്തമായി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ പിൻഭാഗം പൂർണമായും തകർന്നു.
ഏകദേശം 50 പേരാണ് ബസിൽ ഉണ്ടായിരുന്നത്. 24 വിദ്യാർത്ഥികളും എട്ട് സ്കൂൾ ജീവനക്കാരും ഉൾപ്പെടെ ഏകദേശം 32-ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. വിവരമറിഞ്ഞയുടൻ പൊലീസും, യുപി എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെൻ്റ് അതോറിറ്റി ഉദ്യോഗസ്ഥരും, നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആംബുലൻസുകളിൽ തിർവ മെഡിക്കൽ കോളേജിലേക്ക് മാറ്റി. നാല് കുട്ടികളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
ജില്ലാ മജിസ്‌ട്രേറ്റ് അശുതോഷ് മോഹൻ അഗ്നിഹോത്രിയും പൊലീസ് സൂപ്രണ്ട് വിനോദ് കുമാറും മെഡിക്കൽ കോളേജിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേൽക്കാത്ത വിദ്യാർഥികളെ മറ്റൊരു വാഹനത്തിൽ കൗശാംബിയിലേക്ക് മടക്കി അയക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തു. ട്രക്ക് ഡ്രൈവറുടെ അവസ്ഥ, എക്സ്പ്രസ് വേയിൽ ബസ് നിർത്തിയിട്ട രീതി, മടക്കയാത്രയിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്നിവയെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.