

മുംബൈ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീകാന്ത് പങ്കാര്‍ക്കര്‍ ജല്‍ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് ഇയാള്‍ മത്സരിച്ചത്. 2621 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വാര്‍ഡ് 13ല്‍ വിജയിച്ചത്.
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീകാന്ത് പങ്കാര്‍ക്കര്‍ ബിജെപി സ്ഥാനാര്‍ഥിയെ ആണ് പരാജയപ്പെടുത്തിയത്. ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വാര്‍ഡില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല. പങ്കാര്‍ക്കര്‍ 2001 മുതല്‍ 2006 വരെ അവിഭക്ത ശിവസേനയുടെ കൗണ്‍സിലറായി ജല്‍ന മുനിസിപ്പല്‍ കൗണ്‍സിലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് പങ്കാര്‍ക്കറുടെ തെരഞ്ഞെടുപ്പ് വിജയം. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പങ്കാര്‍ക്കറും അനുയായികളും വലിയ ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു.
2017 സെപ്തംബര്‍ അഞ്ചിനാണ് ബെംഗളൂരുവിലെ വീടിന് മുന്നില്‍ വച്ച് ഗൗരി ലങ്കേഷ് വെടിയേറ്റ് കൊല്ലപ്പെട്ടത്. കേസില്‍ പങ്കാര്‍ക്കറും പ്രതിയായിരുന്നു. എന്നാല്‍ 2024 സെപ്തംബര്‍ 4ന് കര്‍ണാടക ഹൈക്കോടതി പങ്കാര്‍ക്കര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.