
തമിഴ്‌നാട്ടിൽ ഡീസലുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചതിന് പിന്നിൽ അട്ടിമറിയെന്ന് സംശയം. അപകടമുണ്ടായതിന് 100 മീറ്റർ മാറി റെയിൽപാളത്തിൽ വിളളൽ കണ്ടെത്തിയെന്നാണ് അധികൃതർ അറിയിക്കുന്നത്. ഇതേത്തുടർന്നാണ് അട്ടിമറി സംശയമെന്ന ആരോപണം ഉയർന്നത്. പാളം തെറ്റിയ ശേഷമാണോ ട്രെയിനിന്‍ തീപിടിച്ചതെന്നും സംശയിക്കുന്നു. റെയിൽവെ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് പരിശോധന തുടരുകയാണ്.
ഇന്ന് രാവിലെ അഞ്ചരയോടെയാണ് ഡീസലുമായി പോയ ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചത്. അഞ്ച് ബോഗികൾ കത്തിയമർന്നിരുന്നു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്നു ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെ തുടർന്ന് എട്ട് ട്രെയിനുകൾ റദ്ദാക്കുകയും, അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും ചെയ്‌തുവെന്ന് റെയിൽവേ അറിയിച്ചിരുന്നു.
ട്രെയിൻ നമ്പർ 20608 മൈസൂരു - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ വന്ദേ ഭാരത് എക്സ്പ്രസ്, ട്രെയിൻ നമ്പർ 12008 മൈസൂരു - ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ശതാബ്ദി എക്സ്പ്രസ്, ട്രെയിൻ നമ്പർ 12640 കെ.എസ്.ആർ ബെംഗളൂരു- ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ ബൃന്ദാവൻ എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.
തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിന് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ചാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. തീപിടുത്തമുണ്ടായ വാഗണുകളിൽ നിന്ന് തീജ്വാലകളും കട്ടിയുള്ള കറുത്ത പുക ഉയർന്നിരുന്നു.
അഗ്നിശമനസേനയുടേയും രക്ഷാപ്രവർത്തകരുടേയും തീവ്ര ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപകടത്തിൽ ആളപായമോ, ചുറ്റുമുള്ള വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഗുഡ്‌സ് ട്രെയിനിന് തീപിടിച്ചതിനെത്തുടർന്ന്, മാർഗനിർദേശമോ സഹായമോ ആവശ്യമുള്ള യാത്രക്കാർ 044-25354151, 044-24354995 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ഇന്ത്യൻ റെയിൽവേ അറിയിച്ചു.