ഗുജറാത്തിൽ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്ത ജെയ്‌ഷെ മുഹമ്മദ് ഭീകരരിൽ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ജമ്മു കശ്മീരിൽ വെച്ച് AK-47 തോക്കുകൾ ഉപയോഗിക്കാൻ മാത്രമല്ല, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ പ്രയോഗിക്കാൻ മാരകമായ കാർബൺ മോണോക്സൈഡ് വിഷവാതകം നിർമിക്കാനും ഇവർ പ്രത്യേക പരിശീലനം നേടിയിരുന്നതായി ഭീകരവിരുദ്ധ അന്വേഷണസംഘം കണ്ടെത്തി. മെഹ്സാന ജില്ലയിലെ കഡി കോടതിയിൽ പ്രതികളെ ഹാജരാക്കിയ ശേഷമാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്.
വിദേശത്തുള്ള പ്രധാന സൂത്രധാരനായ അബ്ദുള്ളയുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് ഈ ഭീകരസംഘം പ്രവർത്തിച്ചിരുന്നത്. ജൈവവസ്തുക്കൾ ഭൂമിക്കടിയിലിട്ട് ജീർണ്ണിപ്പിച്ച് വിഷവാതകം ഉണ്ടാക്കുന്നതുൾപ്പെടെ 40 ഓളം വ്യത്യസ്ത ഭീകരവാദ വിദ്യകൾ ഇവർക്ക് പരിശീലനത്തിലൂടെ ലഭിച്ചിട്ടുണ്ട്. ഈ സംഘം എട്ടോളം സ്ഥലങ്ങളിൽ ബോംബുകൾ സ്ഫോടനം നടത്തി പരീക്ഷിച്ചിരുന്നു. സ്ഫോടനത്തിന് ശേഷം അവശേഷിച്ച സോഡിയം ഫോസ്ഫേറ്റ്, വയറുകൾ എന്നിവ പൊതുമാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഉപേക്ഷിച്ച നിലയിൽ ഫോറൻസിക് സംഘം കണ്ടെത്തുകയും ചെയ്തു.
ഭീകരപ്രവർത്തനങ്ങൾക്കായി വിദേശത്തുനിന്ന് മൂന്ന് ലക്ഷം രൂപ ഇവരുടെ അക്കൗണ്ടിലെത്തിയിരുന്നു. ഈ പണം ഉപയോഗിച്ച് ഇവർ ഒരു കാറും ബൈക്കും വാങ്ങി. അഹമ്മദാബാദിലെ ഒരു പ്രമുഖ ഗാർഡൻ ഹോട്ടൽ ആക്രമിക്കാനായി ഇവർ നിരീക്ഷണം നടത്തിവരികയായിരുന്നെന്നും അന്വേഷണത്തിൽ കണ്ടെത്തി.
സംഘത്തിന്റെ തലവനായ അമീൻ ഷേര എന്നയാൾ ഒരു മദ്രസ കേന്ദ്രീകരിച്ച് പ്രാദേശിക യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാൻ ശ്രമിച്ചിരുന്നു. പ്രതികളുടെ ഒളിത്താവളങ്ങളിൽ നിന്ന് 43 ഓളം ജിഹാദി പുസ്തകങ്ങളും ഡിജിറ്റൽ മാനുവലുകളും അന്വേഷണസംഘം പിടിച്ചെടുത്തു. കശ്മീരിലെ യുവാക്കളുമായി ബന്ധം സ്ഥാപിക്കാൻ ഇവർ വഡോദരയിലും യാത്ര നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി ഭീകരവിരുദ്ധ സേന അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.