
അഹമ്മദാബാദ്: അല്‍ ഖ്വയ്ദയുമായിബന്ധമുള്ള നാല് ഭീകരവാദികള്‍ പിടിയിലായതായി ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ്. മൂന്ന് പേര്‍ ഗുജറാത്തില്‍ നിന്നും ഒരാളെ മറ്റൊരു സംസ്ഥാനത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് ഫായിഖ്, മുഹമ്മദ് ഫര്‍ദീന്‍, സെഫുള്ള ഖുറേഷി, സീഷന്‍ അലി എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ അല്‍ ഖ്വയ്ദയുമായി ബന്ധപ്പെട്ട ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും സംശയകരമായ ആപ്പുകളും ഉപയോഗിച്ചുവെന്നും ആശയവിനിമയം നടത്തുന്നത് പിടിക്കപ്പെടാതിരിക്കാന്‍ ഓട്ടോ ഡിലീറ്റ് ആപ്പുകള്‍ ഉപയോഗിച്ചിരുന്നതായും അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നു.
ഭീകരവാദ ഗ്രൂപ്പുമായി നേരത്തേ ബന്ധമുള്ളവരാണ് പിടിയിലായവരെന്ന് ഗുജറാത്ത് എടിഎസ് പറയുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് അല്‍ ഖ്വയ്ദ ഗ്രൂപ്പുകളുമായി ബന്ധപ്പെടുന്നത്. ഗുജറാത്തില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയതോടെയാണ് സംഭവം എടിഎസിന്റെ പരിധിയില്‍ വന്നത്.
പിടിയിലായവരുടെ സോഷ്യല്‍ മീഡിയ ചാറ്റുകളും മറ്റും ഗുജറാത്ത് എടിഎസ് പരിശോധിച്ചു വരികയാണ്.
'നാല് പേരും പരിചയപ്പെടുന്നത് സോഷ്യല്‍ മീഡിയ വഴിയാണ്. ഡല്‍ഹിയില്‍ താമസിച്ചു വരുന്ന ഫായിഖ് ഒരു പാകിസ്ഥാനി ഇന്‍സ്റ്റഗ്രാം ഉപയോക്താവുമായി ആശയവിനിമയം നടത്തുന്നുണ്ട്. ഇവര്‍ ഇന്ത്യയില്‍ 'ജിഹാദി' പ്രര്‍ത്തനങ്ങള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ചെയ്തിരുന്നു,' ഗുജാറാത്ത് എടിഎസിലെ ഡിഐജി സുനില്‍ ജോഷി പറഞ്ഞു.
അഹമ്മദാബാദിലെ ഫത്തേവാദി പ്രദേശത്ത് താമസിക്കുന്ന ഷെയ്ഖിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിന്ന് ഒരു വടിവാളും അല്‍ ഖ്വയ്ദ ആശയം പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പുസ്തകങ്ങളും കണ്ടെടുത്തു.