

പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിൽ സോഫയിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെ അരയിൽ തൂക്കിയിട്ടിരുന്ന തോക്ക് പൊട്ടി പ്രവാസി യുവാവിന് ദാരുണാന്ത്യം. ഹർപിന്ദർ സിംഗ് എന്ന സോനുവാണ് മരിച്ചത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ഹർപിന്ദർ അടുത്തിടെയാണ് ധനി സുച്ച സിംഗ് ഗ്രാമത്തിൽ സ്ഥിരതാമസമാക്കിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
ഹർപിന്ദർ ഒരു ബന്ധുവിനൊപ്പം സോഫയിൽ ഇരിക്കുന്നതിനിടെ എഴുന്നേറ്റു നിൽക്കുമ്പോൾ പിസ്റ്റൾ പൊട്ടിത്തെറിക്കുകയും വയറ്റിൽ ഒരു വെടിയുണ്ട തുളച്ചു കയറുകയും ചെയ്യുകയായിരുന്നു. വെടിയൊച്ച കേട്ട് കുടുംബാംഗങ്ങൾ ഹർപിന്ദറിനെ സഹായിക്കാൻ ഓടിയെത്തുന്നതും മുറിയിൽ നിന്ന് പുറത്തുവരാൻ സഹായിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
ആദ്യം ഹർപീന്ദറിനെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെ നിന്നും ഡോക്ടർമാർ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇവിടേക്ക് പോകുന്നതിനിടെയാണ് ഇദ്ദേഹം മരിച്ചത്. വിദേശത്ത് നിന്നും തിരിച്ചെത്തി വിവാഹിതനായ ഹർപീന്ദറിന് രണ്ടു വയസുള്ള ഒരു മകളുമുണ്ട്.