

തന്‍റെ അനുയായികളായ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന അത്മീയ നേതാവ് ഗുർമീത് റാം റഹീം സിംഗ്, ജനുവരി 5 തിങ്കളാഴ്ച വീണ്ടും ജയിലിന് പുറത്ത് എത്തി. റോഹ്തക്കിലെ സുനാരിയ ജയിലിൽ നിന്നാണ് ഇയാള്‍ പുറത്ത് എത്തിയത്. 40 ദിവസത്തെ പരോളാണ് റാം റഹീം സിംഗിന് അനുവദിച്ചിരിക്കുന്നത്.
40 ദിവസത്തെ പരോള്‍ അല്ലെ ലഭിച്ചോട്ടെ എന്നാല്ലെ, എന്നാല്‍ 2017-ൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഇത് പതിനഞ്ചാം തവണയാണ് റാം റഹീം സിംഗ് പരോളിൽ പുറത്തിറങ്ങുന്നത്. റാം റഹീം സിംഗ് ഇതിനുമുമ്പ് 2025 ഓഗസ്റ്റിലാണ് 40 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയത്. അതിനു മുൻപ്, ഫെബ്രുവരി 5-ന് നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2025 ജനുവരിയിൽ 30 ദിവസത്തെ പരോളും അദ്ദേഹത്തിന് അനുവദിച്ചിരുന്നു.
അതുപോലെ തന്നെ 2024 ഒക്ടോബർ 5-ലെ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തും ഇത്തരത്തില്‍ ഒരു പരോള്‍ കിട്ടി. 20 ദിവസത്തെ പരോളിനാണ് അന്ന് റാം റഹീം സിംഗ് ജയിലിന് പുറത്തിറങ്ങിയത്. അതായത് ഈ പരോളിനെല്ലാം ചില പ്രത്യേകതയുണ്ട്. എല്ലാം തെരഞ്ഞെടുപ്പിന് മുന്നോടിയായാണ്. 2022 പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പും, 2024 ലോക്സഭ തെരഞ്ഞെടുപ്പിന് മുന്‍പും ക്രിമിനല്‍കേസില്‍ ശിക്ഷിക്കപ്പെട്ട ബാബ പുറത്തിറങ്ങിയിട്ടുണ്ട്.
കഴിഞ്ഞ 14 തവണ ജയിലിന് പുറത്തിറങ്ങിയപ്പോഴും പല അവസരങ്ങളിലും ഗുർമീത് സിംഗ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലുള്ള തന്‍റെ ആശ്രമത്തിലാണ് കഴിഞ്ഞിരുന്നത്. ഇത്തവണ സെര്‍സയിലെ തന്‍റെ ആശ്രമത്തില്‍ കാണും എന്നാണ് ഇയാളുടെ സംഘടന പറയുന്നത്.
ഗുർമീത് റാം റഹീം സിംഗ് പെട്ടത് ഇങ്ങനെ
ആത്മീയ നേതാവ്, ഗായകൻ, നടൻ, സംവിധായകൻ എന്നിങ്ങനെ താന്‍ സര്‍വ്വവ്യാപിയായിരിക്കണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് ഹരിയാനയിലെ സിർസ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദേര സച്ചാ സൗദയുടെ തലവൻ ഗുർമീത് റാം റഹീം സിംഗ്. ലക്ഷക്കണക്കിന് അനുയായികളും രാഷ്ട്രീയ സ്വാധീനവുമുള്ള ഇയാള്‍ ആദ്യ ആരോപണം വന്ന് ഒന്നര പതിറ്റാണ്ടിന് ശേഷമാണ് ശിക്ഷിക്കപ്പെട്ടത് എന്നാണ്.
1948-ൽ മസ്താന ബലൂചിസ്താനി സ്ഥാപിച്ച ദേര സച്ചാ സൗദയുടെ മൂന്നാമത്തെ തലവനായി 1990 സെപ്റ്റംബർ 23-നാണ് ഗുർമീത് ചുമതലയേറ്റത്. സിഖ് മതത്തിലെ ഒരു ധാരയായി കണക്കിലെടുത്ത സംഘടനയാണ് ഇത്. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ വലിയ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ലഹരിവിമുക്ത പ്രവർത്തനങ്ങൾ, രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ എന്നിവയിലൂടെ ദേര ഒരു വലിയ സന്നദ്ധ സംഘടനയായി വളർന്നു.
എന്നാല്‍ ബാക്കി ബാബമാരില്‍ നിന്നും മാറി ആഡംബരപ്രിയനായ ഗുർമീത്, ഭക്തിഗാന ആൽബങ്ങളിലൂടെയും 'മെസഞ്ചർ ഓഫ് ഗോഡ്' പോലുള്ള ചലച്ചിത്രങ്ങളിലൂടെയും സ്വയം ഒരു 'സൂപ്പർ ഹീറോ' പരിവേഷം സൃഷ്ടിച്ചു. 'ഗുരു ഓഫ് ബ്ലിംഗ്' എന്ന പേരിലും അദ്ദേഹം അറിയപ്പെട്ടു.
2002-ൽ ഗുർമീത് റാം റഹീം സിംഗിന്‍റെ ശിഷ്യമാരില്‍ ഒരാള്‍ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് അയച്ച ഊമക്കത്തിലൂടെയാണ് ഗുർമീതിന്റെ ഇരുണ്ടവശം പുറംലോകമറിയുന്നത്. ആശ്രമത്തിനുള്ളിൽ താൻ ഉൾപ്പെടെയുള്ള യുവതികൾ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാകുന്നുവെന്നായിരുന്നു കത്തിലെ വെളിപ്പെടുത്തൽ. ഈ പരാതിയിൽ അന്വേഷണം നടത്താൻ പഞ്ചാബ്-ഹരിയാന ഹൈക്കോടതി സി.ബി.ഐയോട് ഉത്തരവിട്ടു.
അന്ന് തുടങ്ങിയ നിയമ പോരാട്ടങ്ങളും മറ്റും പതിറ്റണ്ടോളം നീണ്ടും. കോടതി ഗുർമീതിനെ വിവിധ കേസുകളിൽ ശിക്ഷിച്ചു. 2017ല്‍ ണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിൽ സി.ബി.ഐ പ്രത്യേക കോടതി അദ്ദേഹത്തിന് 20 വർഷം തടവുശിക്ഷ വിധിച്ചു. ഈ വിധി വന്ന ദിവസം ഹരിയാനയിലെ പഞ്ച്കുലയിൽ ഉണ്ടായ കലാപത്തിൽ 30-ലധികം പേർ കൊല്ലപ്പെട്ടു.
ദേരയിലെ പീഡനങ്ങളെക്കുറിച്ച് വാർത്ത നൽകിയ പത്രപ്രവർത്തകൻ രാം ചന്ദർ ഛത്രപതിയെ കൊലപ്പെടുത്തിയ കേസിൽ ഗുർമീതിനും മറ്റ് മൂന്ന് പേർക്കും കോടതി 2019ല്‍ ജീവപര്യന്തം തടവ് വിധിച്ചു. 400-ഓളം അനുയായികളെ നിർബന്ധിതമായി ഷണ്ഡീകരിച്ചുവെന്ന ഗുരുതരമായ ആരോപണവും ഇയാൾക്കെതിരെയുണ്ട്.
ഗുർമീത് റാം റഹീം സിംഗിന് പരോള്‍ ലഭിക്കുന്നത് എങ്ങനെ !
ഗുർമീത് റാം റഹീം സിംഗിന് പരോള്‍ നല്‍കാന്‍ നിയമം തന്നെ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ മാറ്റിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. 2022 മുതലാണ് റാം റഹീം സിംഗ് പരോളില്‍ നിരന്തരം പുറത്തിറങ്ങാന്‍ തുടങ്ങിയത്. 2017 ല്‍ ജയിലിലായ ഇയാള്‍ക്ക് ആകാലം മുതല്‍ നിരന്തരം പരോള്‍ കിട്ടാന്‍ കാരണം എന്താണ്. ഹരിയാന സര്‍ക്കാര്‍ ഒരു നിയമം തന്നെ മാറ്റി കളഞ്ഞു.
ഹരിയാന ഗുഡ് കോണ്‍ടാക്റ്റ് പ്രിസണര്‍ ടെമ്പററി റിലീസ് ആക്ട് 1988 എന്ന നിയമത്തില്‍ 2022 ല്‍ ഒരു ഭേഗഗതി വരുത്തി. ഇതോടെ ഗുർമീത് റാം റഹീം സിംഗിനെപ്പോലുള്ള ബാലാത്സംഗം, കൊലപാതകം പോലുള്ള ക്രിമിനല്‍ കുറ്റം ചെയ്തവര്‍ക്ക് അടിക്കടി പരോൾ ലഭിക്കുന്നത് സുലഭമായി. ഒരുതരത്തില്‍ ഈ ബാബയ്ക്ക് വേണ്ടി ഇറക്കിയതാണ് ഈ നിയമം എന്ന് പറഞ്ഞാലും തെറ്റില്ല. 2022-ൽ കൊണ്ടുവന്ന ഈ നിയമമാറ്റത്തിന്റെ പ്രധാന മാറ്റങ്ങള്‍ ഇങ്ങനെയാണ്.
1. ഒരു വർഷത്തെ തടവ് പൂർത്തിയാക്കിയ ആള്‍ക്ക് വർഷത്തിൽ 10 ആഴ്ച വരെ പരോളും,കൂടാതെ 21 ദിവസത്തെ ഫർലോയും ലഭിക്കാൻ അർഹതയുണ്ട്.
2. പഴയ നിയമപ്രകാരം കുടുംബത്തിലെ മരണം, ഗുരുതരമായ രോഗം അല്ലെങ്കിൽ വിവാഹം തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ പരോൾ അനുവദിച്ചിരുന്നുള്ളൂ. എന്നാൽ 2022-ലെ നിയമം അനുസരിച്ച്, ജയിലിലെ സദ്‌പെരുമാറ്റം മാത്രം കണക്കിലെടുത്ത് പരോൾ അനുവദിക്കാനുള്ള അധികാരം സർക്കാരിന് ലഭിച്ചു.
3. പരോളിൽ പുറത്തിറങ്ങുന്ന കാലയളവ് തടവ് ശിക്ഷയുടെ ഭാഗമായിത്തന്നെ കണക്കാക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
നിയമത്തിലെ ഈ മാറ്റങ്ങൾക്ക് ശേഷം റാം റഹീം സിംഗ് ഇതുവരെ 400 ദിവസത്തിലധികം ജയിലിന് പുറത്ത് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് സമയങ്ങളിൽ റാം റഹീമിന് പരോൾ നൽകുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്. എന്നാൽ നിലവിലെ നിയമപ്രകാരം പരോൾ നൽകാനുള്ള അധികാരം സംസ്ഥാന സർക്കാരിനുണ്ടെന്നാണ് ഔദ്യോഗിക വിശദീകരണം.
റാം റഹീമിന്‍റെ ദേര സച്ചാ സൗദയ്ക്ക് ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിരവധി അനുയായികളുണ്ട്. ഹരിയാനയിലെ സിർസ, ഫത്തേഹാബാദ്, കുരുക്ഷേത്ര, കൈതൽ, ഹിസാർ തുടങ്ങി നിരവധി ജില്ലകളിൽ ലക്ഷകണക്കിന് ആനുയായികള്‍ ഉള്ള ബാബയ്ക്ക് വേണ്ടി ചെറിയ സഹായം ചെയ്താല്‍ അല്ലെ വോട്ട് വരൂ എന്നതായിരിക്കും ഭരണത്തിലുള്ളവരുടെ ഉന്നം, അത് വ്യക്തമാണ് ഇതില്‍.