ഹരിയാനയില്‍ ജീവനൊടുക്കിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ ജാതി അധിക്ഷേപങ്ങള്‍ നേരിട്ടു; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം

ഹരിയാന പൊലീസ് മേധാവി ശത്രുജീത് സിംഗ് കപൂര്‍, റോഹ്തക് പോലീസ് മേധാവി നരേന്ദ്ര ബിജാര്‍ണിയ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് എഫ്‌ഐആറിലുള്ളത്
പുരൺ കുമാർ
പുരൺ കുമാർ
Published on

ചണ്ഡീഗഡ്: ഐപിഎസ് ഉദ്യോഗസ്ഥന്‍ വെടിയുതിര്‍ത്ത് ജീവനൊടുക്കിയ സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐപിഎസ് ഓഫീസറായ പുരണ്‍ കുമാറിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാക്കുറ്റത്തിനും പട്ടികജാതി-പട്ടികവര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരവുമാണ് കേസെടുത്തത്.

ഹരിയാന പൊലീസ് മേധാവി ശത്രുജീത് സിംഗ് കപൂര്‍, റോഹ്തക് പോലീസ് മേധാവി നരേന്ദ്ര ബിജാര്‍ണിയ എന്നീ ഉന്നത ഉദ്യോഗസ്ഥരുടെ പേരുകളാണ് എഫ്‌ഐആറിലുള്ളത്. 2001 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ പുരണ്‍ കുമാര്‍ ചൊവ്വാഴ്ചയാണ് ചണ്ഡീഗഡിലെ വസതിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചത്. വസതിയില്‍ നിന്നും എട്ട് പേജുള്ള ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പുരണ്‍ കുമാറിന്റെ കത്തില്‍ പറയുന്നത്. സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചാണ് പുരണ്‍ കുമാര്‍ വെടിയുതിര്‍ത്തത്. മകളാണ് മൃതദേഹം കണ്ടെത്തിയത്.

പുരണ്‍ കുമാറിന്റെ മരണത്തില്‍ ഭാര്യയും ഐഎഎസ് ഉദ്യോഗസ്ഥയുമായ അംനീത് കുമാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ശത്രുജീത് സിംഗ് കപൂര്‍, നരേന്ദ്ര ബിജാര്‍ണിയ എന്നീ ഉദ്യോഗസ്ഥര്‍ പുരണ്‍ കുമാറിനെ ജാതീയമായി അധിക്ഷേപിച്ചിരുന്നതായി അംനീതിന്റെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിന്റെ മരണത്തില്‍ നീതി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും അംനീത് കത്ത് നല്‍കിയിട്ടുണ്ട്.

ആന്ധ്രപ്രദേശില്‍ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു പുരണ്‍ കുമാര്‍. പൊലീസ് സേനയിലെ ജാതി വിവേചനത്തിനെതിരേയും ഹരിയാനയിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനെതിരെയുമെല്ലാം തുറന്നു പറഞ്ഞ വ്യക്തിയാണ് പുരണ്‍ കുമാര്‍. ഹരിയാനയിലെ 1991, 1996, 1997, 2005 ബാച്ചുകളിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റങ്ങള്‍ നിയമവിരുദ്ധമാണെന്നായിരുന്നു പുരണ്‍ കുമാര്‍ ആരോപിച്ചത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.Toll free helpline number: 1056, 04712552056)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com