ഹിമാചലിൽ ദുരിതം വിതച്ച് പ്രളയം; കനത്ത നാശനഷ്ടം, വെള്ളപ്പൊക്ക ഭീഷണിയിൽ നിരവധി പ്രദേശങ്ങൾ

മഴക്കെടുതിയെ തുടർന്ന് മണ്ഡിയിൽ 29 പേർ മരിച്ചു. കാംഗ്രയിൽ 30, ചമ്പയിൽ 14, കിന്നൗറിൽ 14, കുള്ളുവിൽ 13 എന്നിങ്ങനെയാണ് മരണസംഖ്യ. ഇതിൽ മണ്ണിടിച്ചിലിൽ 19 പേരാണ് മരിച്ചത്. മുങ്ങിമരണങ്ങൾ 33.
പ്രളയത്തിൽ തകർന്ന് ഹിമാചൽ
പ്രളയത്തിൽ തകർന്ന് ഹിമാചൽSource; X / ANI
Published on

ഇതുവരെ കാണാത്ത പ്രളയക്കെടുതിയിലാണ് ഹിമാചൽപ്രദേശ്. ജൂൺ മുതൽ ഇതുവരെ പ്രളയത്തിലും ഉരുൾപ്പൊട്ടലിലുമായി ഹിമാചലിൽ മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. 3,000 കോടിയുടെ നഷ്ടം രണ്ട് മാസത്തെ പേമാരി സൃഷ്ടിച്ചു എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കുളു, മണാലി, മണ്ഡി മേഖലകൾ ഇപ്പോഴും പ്രളയത്തിലാണ്. ഒരു ഹോട്ടൽ കെട്ടിടം ഒലിച്ചുപോകുന്ന ഭീതിത ദൃശ്യവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

ടൂറിസ്റ്റുകളുടെ പറുദീസയായി അറിയപ്പെട്ട മണാലി, കുള്ളു മേഖലകൾ ദുരിതത്തിലാണ്. ഹോട്ടലുകളും വീടുകളും ഒലിച്ചുപോയി. ചണ്ഡീഗഡ്-ലേ ഹൈവേ മിക്കയിടത്തും തകർന്നു. കുള്ളൂ, മണാലി മണ്ഡി, കാംഗ്ര, ചമ്പ, ലാഹൗൾ, സ്പിതി എന്നിവിടങ്ങളിൽ റെഡ് അലേർട്ടാണ്. ഹാമിർപൂർ, ഉന, ഷിംല, കിന്നൗർ ജില്ലകളിൽ വ്യാപക നാശനഷ്ടമുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ രണ്ട് ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ദേശീയപാത -3 യുടെ റോഡ് 3 കിലോമീറ്ററോളം ഒലിച്ചുപോയി. ദാവാരയിൽ ഒരു നടപ്പാലം ഒഴുക്കിൽപ്പെട്ടു. മണ്ഡിയിലെ ബാലി ചൗക്കി പ്രദേശത്ത്, ഏകദേശം 40 കടകൾ സ്ഥിതി ചെയ്യുന്ന രണ്ട് കെട്ടിടങ്ങൾ തകർന്നു.

പ്രളയത്തിൽ തകർന്ന് ഹിമാചൽ
ജമ്മുവില്‍ 1910 നു ശേഷമുണ്ടായ ഏറ്റവും ശക്തമായ മഴ; മരണം 36 ആയി

കരകവിഞ്ഞൊഴുകിയ ബിയാസ് നദി ചൊവ്വാഴ്ച പുലർച്ചെ മണാലിയിലെ ഒരു ബഹുനില ഹോട്ടൽ കെട്ടിടമാണ് തകർത്തുകളഞ്ഞത്.. നാല് കടകളും ഒലിച്ചുപോയി. മണാലി-ലേ ഹൈവേ പലയിടത്തും തടസ്സപ്പെട്ടു. തുടർച്ചയായ മഴയിൽ ദേശീയ പാത തകർന്നതിനാൽ കുള്ളുവിൽ മാത്രം 130 റോഡുകൾ അടച്ചിട്ടു. സംസ്ഥാനത്ത് 900 ലധികം റോഡുകളിൽ ഗതാഗതം തടസ്സപ്പെട്ടതായി കുള്ളു ഡെപ്യൂട്ടി കമ്മീഷണർ തരുൾ എസ്. രവീഷ് പറഞ്ഞു. 956 പവർ ട്രാൻസ്‌ഫോർമറുകളും 517 ജലവിതരണ പദ്ധതികളും തടസ്സപ്പെട്ടു. മഴക്കെടുതിയെ തുടർന്ന് മണ്ഡിയിൽ 29 പേർ മരിച്ചു. കാംഗ്രയിൽ 30, ചമ്പയിൽ 14, കിന്നൗറിൽ 14, കുള്ളുവിൽ 13 എന്നിങ്ങനെയാണ് മരണസംഖ്യ. ഇതിൽ മണ്ണിടിച്ചിലിൽ 19 പേരാണ് മരിച്ചത്. മുങ്ങിമരണങ്ങൾ 33.

കനത്ത മഴയും വെള്ളപ്പൊക്കവും ഹിമാചലിന് 3,000 കോടിയുടെ നാശനഷ്ടം വരുതിയെന്ന് സംസ്ഥാന റവന്യൂ മന്ത്രി ജഗത് സിംഗ് നേഗി മാധ്യമങ്ങളോട് പറഞ്ഞു. 324 വീടുകൾ പൂർണ്ണമായും, 396 എണ്ണം ഭാഗികമായും തകർന്നു, ആയിരക്കണക്കിന് കടകളും, ഗോശാലകളും നശിച്ചു. മഴക്കാല ദുരന്തം 1,846-ലധികം കന്നുകാലികളെയും 25,755 കോഴികളെയും ഇല്ലാതാക്കി. ഇത് ഗ്രാമീണ ഉപജീവനമാർഗ്ഗത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം ആയിരക്കണക്കിന് മനുഷ്യർ പലായനം ചെയ്യുകയും, വീടുകൾ തകർന്നു, ഗതാഗത സൗകര്യങ്ങൾ ഇല്ലാതാകുകയും ചെയ്തിട്ടും ഈ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടെന്ന് കോൺഗ്രസ് ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com