ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് കനത്ത മഴ; നാല് സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് കനത്ത മഴ; നാല് സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്

ജമ്മുവിൽ വീണ്ടും മേഘ വിസ്ഫോടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
Published on

ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് കനത്ത മഴ തുടരുന്നു. രാജസ്ഥാൻ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഉത്തരാഖണ്ഡിലും, ഹരിയാനയിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ജമ്മുവിൽ വീണ്ടും മേഘ വിസ്ഫോടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജസ്ഥാനിലെ കോട്ടയിൽ വീട് തകർന്ന് ഒരാൾ മരിച്ചു. കോട്ട ബാരേജിൻ്റെ രണ്ട് ഗേറ്റുകൾ തുറന്ന് വിട്ടതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ചമ്പൽ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സമീപ വാസികൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ടോങ്ക്, ബുണ്ടി അടക്കമുള്ള പ്രദേശങ്ങളെ വെള്ളപ്പൊക്കം സാരമായി ബാധിച്ചു.

പഞ്ചാബിൽ ഫാസിൽക്ക ജില്ലയോട് ചേർന്നുള്ള എട്ട് ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. മഴ തുടരുന്ന സാഹചര്യത്തിൽ പത്താൻകോട്ട്, ഗുരുദാസ്പൂർ, അമൃത്സർ, ഹോഷിയാർപൂർ എന്നിവിടങ്ങളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പഞ്ചാബിൽ ചുഴലിക്കാറ്റ് രൂപപ്പെടുകയും കാറ്റ് രാജസ്ഥാൻ വഴി ഹരിയാനയിലേക്ക് നീങ്ങുകയും ചെയ്യുന്നതിനാൽ അടുത്ത ദിവസങ്ങളിൽ ഹരിയാനയിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്.

ഉത്തരേന്ത്യയിൽ ദുരിതം വിതച്ച് കനത്ത മഴ; നാല് സംസ്ഥാനങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്
അണക്കെട്ട് തുറന്നതറിയാതെ വെള്ളച്ചാട്ടത്തിൽ റീൽസ് ചിത്രീകരണം; ഒഴുക്കിൽപ്പെട്ട് യൂട്യൂബറെ കാണാതായി! ഞെട്ടിക്കുന്ന വീഡിയോ

അതേസമയം, ജമ്മുവിൽ വീണ്ടും മേഘ വിസ്ഫോടന മുന്നറിയിപ്പ് നൽകി. രജൗരി, പൂഞ്ച്, വടക്കൻ കശ്മീരിലെ ഗുരേസ് തുടങ്ങി നിരവധിയിടങ്ങളിൽ മണ്ണിടിഞ്ഞു. ജമ്മു-പത്താൻകോട്ട് ദേശീയ പാതക്ക് സമീപം സഹർ ഖാദ് നദിയിലെ പാലം തകർന്നു. മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

ഹിമാചലിൽ മണ്ഡിയിലും, കുളുവിലും അടക്കം ശക്തമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണ്ഡി ജില്ലയിലെ ബാലിച്ചൗക്കിയിൽ ആൾതാമസമില്ലാത്ത നാലു നില വീട് തകർന്നു വീണു. 402 റോഡുകളിലെ ഗതാഗതം പൂർണമായും സ്തംഭിച്ചു.

ഉത്തരാഖണ്ഡിൽ ഉത്തരകാശി, ഡെറാഡൂൺ, തെഹ്രി, ബാഗേശ്വർ, നൈനിറ്റാൾ എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. ഗുജറാത്തിൽ സബർകന്തയിലും നവ്സാരിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com