
ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഒപ്പിട്ട ചെക്ക് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചെക്കിലെ ഗുരുതരമായ അക്ഷരതെറ്റുകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രോള്‍ മഴ. അത്തര്‍ സിംഗ് എന്ന വ്യക്തിയുടെ പേരില്‍ ഒപ്പിട്ട ചെക്കാണ് പ്രചരിക്കുന്നത്. ബാങ്കില്‍ നിന്ന് ചെക്ക് മടങ്ങുകയും ചെയ്തു. ചെക്കിലെ തുക അക്ഷരത്തില്‍ എഴുതിയതിലാണ് പിശക് സംഭവിച്ചത്. പ്രിന്‍സിപ്പലിന് സംഭവിച്ച അക്ഷരത്തെറ്റിനെ ട്രോളി നിരവധി പേര്‍ രംഗത്തെത്തി.
സെപ്തംബര്‍ 25ന് ഒപ്പിട്ട ചെക്കില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തൊഴിലാളിക്ക് നല്‍കിയ ചെക്കിലാണ് അക്കത്തില്‍ 7616 എന്നെഴുതി അക്ഷരത്തില്‍ തെറ്റിച്ചത്. സെവന്‍ എന്നതിന് സവന്‍ എന്നും തൗസണ്ട് എന്ന് എഴുതിയത് തഴ്‌സ്‌ഡേ എന്നുമാണ്. സിക്‌സ് എന്ന് ശരിയായി എഴുതിയപ്പോള്‍ ഹണ്ട്രഡ് എന്നതിന് ഹരേന്ദ്ര എന്നും ചെക്കില്‍ എഴുതിയതായി കാണാം. അവസാനം സിക്‌സ്റ്റീന്‍ എന്നെഴുതേണ്ടതിനെ സിക്‌സ്റ്റി എന്നും എഴുതിയിരിക്കുന്നു.
അതേസമയം ഒരു സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ഇത്തരത്തില്‍ എഴുതുമോ എന്ന സംശയവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. എന്തുകൊണ്ടാണ് ബാങ്കില്‍ കൊണ്ടു പോകുന്ന ചെക്ക് അതിന് മുമ്പ് അക്ഷര തെറ്റ് അടക്കം പരിശോധിക്കപ്പെടാത്തത് എന്നും ചോദിക്കുന്നു.
അതേസമയം ചിലര്‍ അധ്യാപകരെ ഒന്നടങ്കം കളിയാക്കിയും രംഗത്തെത്തുന്നു. അധ്യാപകരുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ചോദിക്കുന്നുണ്ട് ചിലര്‍.