ക്രിസ്മസ് ആഘോഷങ്ങൾക്കിടയിൽ ഉത്തരേന്ത്യയിൽ എമ്പാടും തീവ്ര ഹിന്ദുത്വവാദികളുടെ വ്യാപക ആക്രമണം.. ഉത്തർപ്രദേശിൽ ക്രിസ്ത്യൻ ദേവാലയങ്ങൾക്ക് മുമ്പിൽ ഹനുമാൻ ചാലീസ ചൊല്ലിയും ഛത്തീസ്ഗഢിൽ ക്രിസ്മസ് അലങ്കാരങ്ങൾ അടിച്ചുതകർത്തും തീവ്ര മതവാദികൾ അഴിഞ്ഞാടി. അസമിലും മധ്യപ്രദേശിലും ക്രിസ്മസ് ആഘോഷത്തിനെതിരെ ഹിന്ദുത്വവാദികൾ വിദ്വേഷമുദ്രാവാക്യങ്ങൾ മുഴക്കി ആക്രമണം നടത്തി.
ഉത്തർപ്രദേശിലെ ബറേലിയിൽ കൻ്റോൺമെൻ്റ് ഭാഗത്തെ പള്ളിക്ക് മുമ്പിലായിരുന്നു ക്രിസ്മസ് ആരാധനയ്ക്കിടെ ഹിന്ദുത്വവാദികളുടെ പ്രകോപനം. ജയ് ശ്രീറാമും വിദ്വേഷമുദ്രാവാക്യങ്ങളും വിളിച്ചെത്തിയ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ പള്ളിക്ക് മുമ്പിൽ കുത്തിയിരുന്ന് ഹനുമാൻ ചാലീസ ചൊല്ലി. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഈ തോന്ന്യാസം. ഛത്തീസ്ഗഡിലെ റായ്പൂറിലുള്ള മാഗ്നെറ്റോ മാളിന് മുന്നിലെ സാൻ്റാക്ലോസ് രൂപം ഉൾപ്പെടെ ക്രിസ്മസ് അലങ്കാരങ്ങൾ ബജ്രംഗ്ദൾ ദൾ പ്രവർത്തകർ അടച്ചുതകർത്തു. അസമിലെ നൽബാരി ജില്ലയിലെ സെൻ്റ് മേരീസ് സ്കൂളിൽ അതിക്രമിച്ച് കയറിയ വിശ്വഹിന്ദു പരിഷത്തുകാർ ക്രിസ്മസ് അലങ്കാരങ്ങൾ ഉൾപ്പെടെ കണ്ണിൽക്കണ്ടെല്ലാം അടിച്ചുതകർത്തു. 'ജയ് ശ്രീറാം', 'ജയ് ഹിന്ദു രാഷ്ട്ര' മുദ്രാവാക്യങ്ങൾ മുഴക്കി. ക്രിസ്മസ് ട്രീ പിഴുതുമാറ്റി അലങ്കാരങ്ങൾക്കൊപ്പം ഇട്ട് കത്തിച്ചു.
ഉത്തർപ്രദേശിലെ ഗാസിയാബാദിലും മധ്യപ്രദേശിലെ ജബൽപുരിലും ഡെൽഹിയിലെ ലാജ്പത് നഗറിലും ഒഡിഷയിലെ ഭുവനേശ്വറിലും നിന്നെല്ലാം സംഘപരിവാർ അനുകൂല സംഘടനകളും ഹിന്ദുത്വ ഫ്രിഞ്ച് ഗ്രൂപ്പുകളും ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ നടത്തിയ വ്യാപക അതിക്രമങ്ങൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നു.. ജബൽപൂരിൽ പള്ളിയിൽ കയറി കാഴ്‌ച പരിമിതിയുള്ള യുവതിയെ കൈയേറ്റം ചെയ്‌ത ബിജെപി ജില്ലാ വൈസ്‌പ്രസിഡന്റ് അഞ്‌ജു ഭാർഗവ ഉൾപ്പടെയുള്ളവർക്കെതിരെ ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടുമില്ല.
സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ക്രിസ്മസിനെതിരെ ദേശവ്യാപക പരാക്രമം നടക്കുന്നതിനിടെ ഡൽഹിയിലെ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിസ്മസ് ആരാധനയിൽ പങ്കെടുത്തു. വിശ്വാസികൾ ഒരു വിഭാഗം നടത്തിയ പ്രതിഷേധത്തിന് ഇടയിലായിരുന്നു മോദിയുടെ ദേവാലയ സന്ദർശനം. മുഴുവൻ സമയവും പ്രഭാതകുർബാനയിൽ പ്രധാനമന്ത്രി പങ്കെടുത്തു.. പ്രധാനമന്ത്രി എത്തുന്നതിന് മുമ്പായി കത്തീഡ്രലിന് മുന്നിൽ വിശ്വാസികളിൽ ഒരു വിഭാഗം പ്രതിഷേധിച്ചു.
സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് വിക്രം ജിത് സെന്നിൻ്റെ നേതൃത്വത്തിൽ ആണ് പ്രതിഷേധം നടന്നത്. വിഐപികൾക്കുവേണ്ടി വിശ്വാസികളെ തടയുന്നത് ശരിയല്ലെന്ന് വിക്രം ജിത് സെൻ പറഞ്ഞു. വിശ്വാസികൾക്കുണ്ടായ ബുദ്ധിമുട്ടിൽ മാപ്പുചോദിക്കുന്നുവെന്നും ക്രിസ്മസ് ആഘോഷത്തിനെതിരെ അക്രമം നടത്തുന്നത് ബുദ്ധിസ്ഥിരത ഇല്ലാത്തവരാണെന്നും ആയിരുന്നു പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം.