"നീ മറാത്തിയെ തല്ലുമോ?" താനെയിലെ ഫോൺ റീചാർജിങ് തർക്കം ഭാഷാ വിവാദമായതിങ്ങനെ

മഹാരാഷ്ട്രയിൽ ഭാഷാ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവം
താനെ മൊബൈല്‍ റീച്ചാർജ് തർക്കത്തിന്റെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍
താനെ മൊബൈല്‍ റീച്ചാർജ് തർക്കത്തിന്റെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍Source: NDTV
Published on

താനെയിൽ ഫോൺ റീചാർജ് ചെയ്യുന്നതിനെച്ചൊല്ലിയുണ്ടായ വാക്കേറ്റം മറാത്തി-മറാത്തി ഇതര വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തില്‍ കലാശിച്ചു. മറാത്തികളല്ലാത്ത ചിലരെ ശിവസേന ഉദ്ധവ് വിഭാഗം നേതാവിന്റെ സാന്നിധ്യത്തില്‍ മർദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മഹാരാഷ്ട്രയില്‍ പ്രതിഷേധം ഉയരുകയാണ്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമാൺ സേനാംഗങ്ങള്‍ മറാത്തി സംസാരിക്കാൻ വിസമ്മതിച്ച കടയുടമയെ ആക്രമിച്ചതിനെ തുടർന്ന് മഹാരാഷ്ട്രയിൽ ഭാഷാ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പുതിയ സംഭവം.

ജൂലൈ ഒന്നിനാണ് പ്രശ്നങ്ങള്‍ക്ക് ആസ്പദമായ സംഭവം. താനെയിലെ ഒരു കടയിൽ ഒരാൾ തന്റെ ഫോൺ റീചാർജ് ചെയ്യാൻ എത്തിയതോടെയാണ് തർക്കം ആരംഭിച്ചത്. 43 കാരനായ കിരൺ തനാജി സാവന്ത് കടയിലെ ജീവനക്കാരോട് തന്റെ മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാല്‍ സാങ്കേതിക പ്രശ്‌നം കാരണം റീചാർജിങ് നടന്നില്ല. തുടർന്ന് സാവന്ത് ബഹളം വയ്ക്കുകയായിരുന്നു എന്നാണ് കടയുടമകൾ പറയുന്നത്. ഇത് സാവന്തും കടയിലെ ജീവനക്കാരും തമ്മിൽ സംഘർഷത്തിന് കാരണമായി. സംഘർഷത്തില്‍ സാവന്തിന് പരിക്കേറ്റു.

താനെ മൊബൈല്‍ റീച്ചാർജ് തർക്കത്തിന്റെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍
രാജ്യസഭാ എംപി സമിക് ഭട്ടാചാര്യ പശ്ചിമ ബംഗാൾ ബിജെപി സംസ്ഥാന അധ്യക്ഷന്‍

തുടർന്ന് സാവന്ത് പൊലീസിനെ സമീപിച്ച് പരാതി നൽകി. ഭാരതീയ ന്യായ സംഹിത പ്രകാരം കടയിലെ ജീവനക്കാർക്കെതിരെ പരിക്കേൽപ്പിച്ചതിന് കേസുമെടുത്തു. പൊലീസ് നാല് പ്രതികളെ അറസ്റ്റ് ചെയ്യുകയും നോട്ടീസ് നൽകിയ ശേഷം അവരെ വിട്ടയക്കുകയും ചെയ്തു.

ഇതിനു ശേഷമാണ് സാവന്ത് പരാതിയുമായി മുൻ ശിവസേന (യുബിടി) എംപി രാജൻ വിചാരെയുടെ ഓഫീസിലേക്ക് എത്തുന്നത്. ഇതിനെ തുടർന്നുണ്ടായ സംഭവങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത്. വീഡിയോയില്‍, വിചാരെ കടയിലെ ജീവനക്കാരിൽ നിന്ന് നടന്ന സംഭവങ്ങള്‍ കേൾക്കുന്നത് കാണാം.

ഒരു ഘട്ടത്തിൽ, വിചാരെയുടെ സഹായികളിൽ ഒരാൾ ജീവനക്കാർ സംസാരിക്കുന്നത് തടയുന്നു. "മറാത്തി മേം ബോൽ, മറാത്തി കോ മാറാ നാ? മറാത്തി മേം ബോൽ" എന്ന് ഇയാള്‍ ജീവനക്കാരോട് ആക്രോശിച്ചു. തുടർന്ന് കുറ്റാരോപിതരായവർ ഓരോരുത്തരായി സാവന്തിന്റെ അടുത്തേക്ക് വന്ന് കൈകൾ കൂപ്പി ക്ഷമാപണം നടത്തുന്നു. അവർ സാവന്തിന്റെ കാലിൽ തൊടുന്നു. എന്നാല്‍, സാവന്ത് ഇവരുടെ മുഖത്ത് അടിക്കുകയാണ് ചെയ്യുന്നത്. പ്രതികളോട് ചെവിയിൽ പിടിച്ചു ക്യാമറയിലേക്ക് നോക്കി തെറ്റ് ചെയ്തുവെന്നും അത് ആവർത്തിക്കില്ലെന്നും പറയാനും ആവശ്യപ്പെടുന്നത് കാണാം.

താനെ മൊബൈല്‍ റീച്ചാർജ് തർക്കത്തിന്റെ പ്രചരിക്കുന്ന ദൃശ്യങ്ങള്‍
"മുഖ്യമന്ത്രിയായി തുടരും, സംശയം വേണ്ട"; കർണാടക സർക്കാരിൽ നേതൃമാറ്റമില്ലെന്ന് സിദ്ധരാമയ്യ

മഹാരാഷ്ട്രയില്‍ ഭാഷാ വിവാദം വീണ്ടും ശക്തമാകുന്ന സാഹചര്യത്തില്‍ ഈ വീഡിയോ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ വിവിധ ജോലിക്കായി താമസിക്കുന്നവർ പ്രാദേശിക ഭാഷയെ ബഹുമാനിക്കുകയും പഠിക്കുകയും ചെയ്യണമെന്നാണ് ഒരു വിഭാഗം രാഷ്ട്രീയക്കാർ പറയുന്നത്. അതേസമയം, മറാത്തി സംസാരിക്കാൻ ആരെയും നിർബന്ധിക്കരുതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം. ഭാഷാ തർക്കത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങൾ തടയണമെന്ന് ഇവർ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com