അഹമ്മദാബാദ്; ഗുജറാത്തിൽ വിശ്വാസ്യത തെളിയിക്കാൻ യുവതിയോട് കൊടും ക്രൂരത. തിളച്ച എണ്ണയിൽ ഭർത്താവിന്റെ സഹോദരിയും ഭർത്താവും ചേർന്ന് യുവതിയുടെ കൈ മുക്കി.ഗുരുതരമായി പൊള്ളലേറ്റ 30 വയസുകാരി ആശുപത്രിയിൽ. പതിവ്രതയെങ്കിൽ പൊള്ളലേൽക്കില്ലെന്ന് വിശ്വസിപ്പിച്ചായിരുന്നു ക്രൂരത.
ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ഗെരിറ്റ ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്. മൂപ്പതുകാരിയായ യുവതിക്ക് ഭർത്താവിനോട് വിശ്വസ്തതയില്ലെന്ന് സഹോദരി സംശയിച്ചിരുന്നു. അതിനാൽ സഹോദരി ജമുനയും ഭർത്താവും മറ്റ് രണ്ട് പേരും ചേർന്ന് യുവതിയെ അഗ്‌നിപരീക്ഷയ്ക്ക് വിധേയയാക്കാൻ തീരുമാനിക്കുകയായിരുന്നു. യുവതി പതിവ്രതയാണെങ്കിൽ പൊള്ളലേൽക്കില്ലെന്ന് നാത്തൂനും സംഘവും യുവതിയെ വിശ്വസിപ്പിക്കുകയും തിളച്ച എണ്ണയിലേക്ക് കൈകൾ മുക്കാൻ നിർബന്ധിക്കുകയുമായിരുന്നു.
യുവതിയെ തിളച്ച എണ്ണയിൽ കൈകൾ മുക്കാൻ നിർബന്ധിക്കുന്നത് വീഡിയോയിൽ കാണാം. യുവതി വിരലുകൾ മുക്കുന്നതും പൊള്ളലേറ്റതിനാൽ വേഗത്തിൽ പിൻവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സംഭവം നടന്ന് മൂന്ന് ദിവസത്തിന് ശേഷമാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ, ഭർത്താവിന്റെ സഹോദരി ജമുന താക്കൂർ, ജമുനയുടെ ഭർത്താവ് മനുഭായ് താക്കൂർ, മറ്റ് രണ്ട് പേർ എന്നിവർക്കെതിരെ വിജാപൂർ പൊലീസ് കോസെടുത്തു. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് സൂപ്രണ്ട് ദിനേശ്‌സിങ് ചൗഹാൻ കൂട്ടിച്ചേർത്തു.