

ചെന്നൈ: തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരവെ ടിവികെയെ വെട്ടിലാക്കി മലക്കം മറിഞ്ഞ് എഎംഎംകെ പാർട്ടിയുടെ ഏക എംഎൽഎയായ കാമരാജ്. ടിവികെയെ പിന്തുണയ്ക്കുന്ന കത്തിൽ കാമരാജ് ഒപ്പുവയ്ക്കുന്ന വീഡിയോ ടിവികെ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ വീഡിയോയിൽ കാണുന്ന ആൾ താൻ അല്ലെന്നാണ് ഇപ്പോൾ കാമരാജ് മാധ്യമങ്ങളോട് പറയുന്നത്.
ടിവികെയെ പിന്തുണച്ചുള്ള കത്തിൽ ഒപ്പിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, വ്യാജരേഖ ചമച്ചെന്ന കേസിൽ വിജയ്ക്കെതിരെ അന്വേഷണം വേണമെന്ന് എഎംഎംകെ അധ്യക്ഷൻ ടി.ടി.വി. ദിനകരൻ ആവശ്യപ്പെട്ടു. ഇന്നലെ ഗവർണറോടും ടി.ടി.വി. ദിനകരൻ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
കാമരാജിൻ്റെ പിന്തുണയുണ്ടെന്ന വ്യാജരേഖ ടിവികെ തയ്യാറാക്കിയെന്ന് ടി.ടി.വി. ദിനകരൻ ഗവർണറെ കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടിവികെ ഇന്ന് രാവിലെ മറുപടിയുമായെത്തിയത്. ടി.ടി.വി. ദിനകരനാണ് തങ്ങൾക്കെതിരെ വ്യാജം പ്രചരിപ്പിക്കുന്നതെന്നും എഎംഎംകെയുടെ എംഎൽഎ കാമരാജ് തങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചതായും ടിവികെ വെളിപ്പെടുത്തി. കാറിൻ്റെ മുൻസീറ്റിൽ ഇരുന്ന് കാമരാജ് പിന്തുണക്കത്ത് എഴുതി നൽകുന്ന ദൃശ്യങ്ങളും ടിവികെ തെളിവായി പുറത്തുവിട്ടിരുന്നു.
തമിഴ്‌നാട്ടിൽ ടിവികെയുടെ സർക്കാർ രൂപീകരണം സംബന്ധിച്ച സസ്പെൻസ് നീളുകയാണ്. സിപിഐഎം, സിപിഐ, വിസികെ, മുസ്ലീം ലീഗ് കക്ഷികളുടെ പിന്തുണ ലഭിച്ചിട്ടും വിജയ്ക്ക് ഇതേവരെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ലഭിച്ചിട്ടില്ല.
ഇന്നലെ ഗവർണർക്ക് വിജയ് നൽകിയ കത്തിൽ 116 പേരുടെ പിന്തുണ മാത്രമെ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും, ടിവികെയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചിട്ടില്ലെന്നും ലോക്ഭവൻ അറിയിച്ചു. മുസ്ലീം ലീഗ് പിന്തുണ നൽകിയെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഗവർണർക്ക് ചട്ടപ്പടി കത്ത് കൈമാറിയിട്ടില്ല. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തമിഴ്‌നാട്ടിലെ കോൺഗ്രസ് എംഎൽഎമാരെ ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ട്.