

ഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്യുന്ന വിദ്യാർഥികൾക്കെതിരെ പൊലീസ് നടത്തിയ അതിക്രമം പരിഗണിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതിക്ക് മുൻപിൽ ആരും ഹർജി ഫയൽ ചെയ്തിട്ടില്ല. മാധ്യമങ്ങൾ തെറ്റായ വാർത്തയാണ് റിപ്പോർട്ട് ചെയ്തെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
വിദ്യാർഥികൾക്ക് നേരെ അതിക്രമം നടന്നുവെന്ന് അഭിഭാഷകൻ വാക്കാൽ പറയുക മാത്രമാണ് ചെയ്തത്. ഇത് വലിയ വാർത്തയായിരുന്നു. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് തെറ്റായ വാർത്തയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഇത് ഇങ്ങനെയങ്ങ് മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. പരീക്ഷാ നടപടികൾ പൂർണമായും സുതാര്യവും വ്യവസ്ഥാപിതവുമാണെന്ന് ഉറപ്പുവരുത്തുമെന്ന് ബെഞ്ച് വ്യക്തമാക്കി.
പരീക്ഷകൾ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമാക്കുന്നതിനെക്കുറിച്ച് കോടതി കേന്ദ്രത്തോട് വിശദീകരണം തേടി. കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറുമ്പോൾ ഡാറ്റാ സുരക്ഷ എങ്ങനെ ഉറപ്പാക്കും എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലം നല്‍കണം. തിങ്കളാഴ്ച മറുപടി സത്യവാങ്മൂലം നല്‍കാനും നിര്‍ദേശം നൽകി. ഭാവിയില്‍ ചോദ്യപേപ്പർ ചോര്‍ച്ച തടയാനുള്ള നിര്‍ദേശങ്ങളും ഉള്‍പ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.