'പാകിസ്ഥാനില്‍ നിന്നും നേരിട്ട പരാജയങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയതാണ്'; ഏഷ്യാ കപ്പ് ഫൈനലിനു പിന്നാലെ നഖ്‌വിയുടെ പോസ്റ്റ്

"യുദ്ധമാണ് നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോലെങ്കില്‍ പാകിസ്ഥാന്റെ കരങ്ങളാല്‍ ഏറ്റ ദയനീയ പരാജയങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയതാണ്"
മൊഹ്‌സിന്‍ നഖ്‌വി
മൊഹ്‌സിന്‍ നഖ്‌വിImage: X
Published on

ന്യൂഡല്‍ഹി: ഏഷ്യാ കപ്പില്‍ ഇന്ത്യ-പാക് ഫൈനലിനു പിന്നാലെ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തേക്കും ഇന്ത്യ-പാക് പോര് മുറുകുന്നു. ഇന്ത്യയുടെ വിജയത്തെ ഓപ്പറേഷന്‍ സിന്ദൂറിനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചിരുന്നു. ഇതിനു മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മൊഹ്‌സിന്‍ നഖ്‌വി.

നഖ്‌വിയില്‍ നിന്നും ട്രോഫി വാങ്ങാന്‍ ഇന്ത്യന്‍ ടീം തയ്യാറായിരുന്നില്ല. പ്രകോപിതനായ പാക് ആഭ്യന്തര മന്ത്രി ട്രോഫിയും വിജയികള്‍ക്കുള്ള മെഡലുകളുമായി സ്ഥലം വിട്ടിരുന്നു. ഈ നടപടിക്കെതിരെ ബിസിസിഐ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം ശേഷമാണ് കൂടുതല്‍ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി പാക് മന്ത്രി രംഗത്തെത്തിയത്.

'മൈതാനത്തും ഓപ്പറേഷന്‍ സിന്ദൂര്‍, ഫലം ഒന്നു തന്നെ - ഇന്ത്യയുടെ ജയം' എന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ എക്‌സ് പോസ്റ്റ്. ഈ പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് നഖ്‌വിയുടെ പ്രതികരണം. യുദ്ധമാണ് നിങ്ങളുടെ അഭിമാനത്തിന്റെ അളവുകോലെങ്കില്‍ പാകിസ്ഥാന്റെ കരങ്ങളാല്‍ ഏറ്റ ദയനീയ പരാജയങ്ങള്‍ ചരിത്രം രേഖപ്പെടുത്തിയതാണ്. ഒരു ക്രിക്കറ്റ് മാച്ചിനും ആ സത്യത്തെ തിരുത്താനാകില്ല. കായിക രംഗത്തേക്ക് യുദ്ധത്തെ വലിച്ചിഴക്കുന്നത് നിസ്സഹായതയെ വെളിപ്പെടുത്തുന്നതും കളിയുടെ അന്തസിനെ നശിപ്പിക്കുകയും മാത്രമേ ചെയ്യൂ'. എന്നാണ് നഖ്‌വി എക്‌സില്‍ കുറിച്ചത്.

നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ച ഇന്ത്യന്‍ താരങ്ങളുടെ നിലപാടിനെ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി അഗയും വിമര്‍ശിച്ചിരുന്നു. ഇന്ത്യയുടെ പ്രവര്‍ത്തി നിരാശപ്പെടുത്തുന്നതാണെന്നും ഹസ്തദാനം നല്‍കാത്തത് ക്രിക്കറ്റിനെ അപമാനിക്കുന്നതാണെന്നുമായിരുന്നു പാക് താരത്തിന്റെ പ്രതികരണം.

ഫൈനലില്‍ ഇന്ത്യയോട് തോറ്റ പാക് ക്യാപ്റ്റനാകട്ടെ, റണ്ണേഴ്‌സ് അപ്പ് ചെക്ക് സ്വീകരിച്ച് വലിച്ചെറിയുകയും ചെയ്തിരുന്നു. ഇതിനെതിരേയും വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com