

എൺപതാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷം പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി. വന്ദേമാതരവും ദേശീയഗാനവും ആലപിച്ചതിനു പിന്നാലെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന 2047ൽ 'വികസിത ഭാരതം' എന്ന ലക്ഷ്യം യാഥാര്‍ഥ്യമാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ശക്തിയും ഭാവി വളര്‍ച്ചയും നിര്‍ണയിക്കുന്നത് ഏഴ് ധാരകളാണ്. സ്വപ്നങ്ങൾ വലുതാകുകയാണ്. അതനുസരിച്ച് ചിന്തകൾ വിശാലമാകും. അതിലൂടെ ശേഷി വർധിക്കും. സ്വപ്നങ്ങൾ ദൃഢമാകുമ്പോള്‍ വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം സ്വയം വന്നുചേരും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണ് നാമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാതന്ത്ര്യത്തിനുശേഷം ആദ്യമായി ചെങ്കോട്ടയില്‍ വന്ദേമാതരം മുഴങ്ങിയത് ചരിത്രനിമിഷമാണെന്ന് ഓര്‍മപ്പെടുത്തിയാണ് പ്രധാനമന്ത്രി മോദി പ്രസംഗം ആരംഭിച്ചത്. ഇന്ന്, എല്ലാ ഹൃദയങ്ങളും വന്ദേമാതരത്തിന്റെ താളത്തിൽ മിടിക്കുന്നു. രാജ്യത്തെ ജനങ്ങൾ വന്ദേ മാതരത്തിന്റെ 150 വർഷങ്ങൾ ആഘോഷിക്കുകയാണ്. ഇന്നിവിടെ സന്നിഹിതരായ എല്ലാവർക്കും ഇതൊരു ചരിത്ര നിമിഷമാണ്. എല്ലാ ഹൃദയങ്ങളിലും ദേശീയഗാനം പ്രതിധ്വനിക്കുന്നു, എല്ലാ വീട്ടിലും ത്രിവർണ പതാക പാറുന്നു, എല്ലാ മനസ്സുകളിലും അത് കുടികൊള്ളുന്നു. പുതിയ പ്രതിബദ്ധതകള്‍ ഏറ്റെടുത്തുകൊണ്ട്, രാജ്യം ആവേശത്തോടെയും ഉത്സാഹത്തോടെയും മുന്നോട്ടു പോവുകയാണ്. രാജ്യത്തിനായി ജീവൻ ത്യജിച്ച ധീരരെ ഓർക്കുന്നു. എല്ലാ സ്വാതന്ത്ര്യ സമര സേനാനികളെയും വിപ്ലവകാരികളെയും സ്മരിക്കുന്നു. എല്ലാവര്‍ക്കും സ്വാതന്ത്ര്യദിന ആശംസകള്‍ - പ്രധാനമന്ത്രി ആമുഖമായി പറഞ്ഞു.
നാം വലിയ സ്വപ്നങ്ങള്‍ കാണണം. സ്വപ്നങ്ങൾ വലുതാകുമ്പോൾ നമ്മുടെ ചിന്തകൾ വിശാലമാകും. അത് കഴിവുകള്‍ വര്‍ധിപ്പിക്കും. സ്വപ്നങ്ങള്‍ ദൃഢമാകുമ്പോഴാണ് കഠിനാധ്വാനം ഉണ്ടാവുക. വെല്ലുവിളികളെ അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ധൈര്യം വന്നുചേരും. അപ്പോഴാണ് ആഗ്രഹങ്ങള്‍ യാഥാര്‍ഥ്യമാകുന്നത്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന 2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യത്തില്‍ നാം എത്തിച്ചേരും. 140 കോടി ജനങ്ങളുടെ ആഗ്രഹം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ സാക്ഷാത്കരിക്കാന്‍ സാധിക്കണം. കഴിഞ്ഞ 12 വര്‍ഷത്തിനിടെ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാനായി. ഉല്‍പ്പാദനത്തില്‍ വലിയ വര്‍ധനയുണ്ടായി. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കി, വൈദ്യുതിയും ഗ്യാസ് കണക്ഷനും ഉറപ്പാക്കി. പൊതു ഗതാഗതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇന്ത്യ മുന്നോട്ടുപോകുകയാണ്. അതിന് ആത്മവിശ്വാസം അനിവാര്യമാണ്. അതിലുപരി സ്വയം പര്യാപ്തത നേടണം - പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ രംഗത്തും രാജ്യത്തിന് വളര്‍ച്ച കൈവരിക്കാനായി. അടുത്ത ഏഴ്-എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ പുതിയ സെമി കണ്ടക്ടര്‍ പ്ലാന്റുകള്‍ ആരംഭിക്കും. ഊര്‍ജ ആവശ്യകത വര്‍ധിക്കുകയാണ്. ഊര്‍ജ സുരക്ഷം കാലത്തിന്റെ അനിവാര്യതയാണ്. ആണവ മേഖലയിലും സ്വയം പര്യാപ്തത നേണം. വീടുകളില്‍ സൗരോര്‍ജം എത്തിച്ചതിലൂടെ വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി. രാജ്യത്ത് ആദ്യമായി ഹൈഡ്രജൻ ട്രെയിൻ വന്നു. അത് ഏറ്റവും മികച്ച ട്രെയിനാണെന്നു പറയുന്നതിലും ഈ രംഗത്ത് ഇന്ത്യ കഴിവു തെളിച്ചതിലും സന്തോഷമുണ്ട് - ഭരണനേട്ടങ്ങള്‍ പ്രധാനമന്ത്രി അക്കമിട്ടു നിരത്തി.
ലോകത്തിനു മുന്നില്‍ പിന്നിലാകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. രാജ്യത്തെ ഭയപ്പെടുത്തുന്നതിലാണ് ചിലര്‍ക്ക് താല്‍പ്പര്യം. കോവിഡ് മഹാമാരിയുടെ സമയത്ത് നുണകൾ പ്രചരിപ്പിച്ച് ഇന്ത്യക്കാരെ ഭയപ്പെടുത്തി സന്തോഷം കണ്ടെത്താൻ ചിലർ ശ്രമിച്ചിരുന്നു. സ്വന്തം ശക്തിയിലാണ് ഇന്ത്യ മുന്നോട്ടു നീങ്ങുന്നത്. രാജ്യത്ത് ജനാധിപത്യം സുശക്തമാണ്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ നിരവധി പ്രതിസന്ധികള്‍ രാജ്യം മറികടന്നു. ഓരോ ഇന്ത്യക്കാരനും രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാൻ ശ്രമിച്ചു. അതുകൊണ്ടാണ് 25 കോടി ഇന്ത്യക്കാർ ചെറിയ സമയത്തിനുള്ളിൽ ദാരിദ്ര്യത്തിൽനിന്ന് മുക്തരായതെന്നും മോദി ഓര്‍മിപ്പിച്ചു.
ലോകത്ത് ഇന്ത്യ വലിയ ബഹുമാനം നേടിക്കൊണ്ടിരിക്കുകയാണ്. രാജ്യത്ത് സ്ഥിരതയുള്ള സര്‍ക്കാരുണ്ട്. നിയമസംവിധാനങ്ങള്‍ ശക്തമായി. അതുകൊണ്ടാണ് 2014 മുതൽ ഒട്ടേറെ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടാൻ ഇന്ത്യക്ക് സാധിച്ചത്. രാജ്യത്തെ യുവാക്കളിലും സ്ത്രീകളിലും കർഷകരിലും തൊഴിലാളികളിലും വിശ്വാസമുണ്ട്. രാജ്യം മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കണം. ഇന്ത്യയുടെ ശക്തിയും ഭാവി വളർച്ചയും നിർണയിക്കുന്നത് ഏഴ് ധാരകളാണ്. ആ സപ്തധാരയാണ് രാജ്യത്തിന്റെ ഭാവിയെ നിർണയിക്കുക. 1. ഉൽപ്പാദനം, 2. കൃഷി, 3. സാങ്കേതിക വിദ്യ, 4. ഗതിശക്തി (ഗതാഗതം, കണക്ടിവിറ്റി), 5. രക്ഷാശക്തി (ആത്മനിര്‍ഭര്‍ പ്രതിരോധം), 6. ഗ്രീന്‍ & ബ്ലൂ ഇക്കോണമി (ഹരിത ഊർജം), 7. സോഫ്റ്റ് പവർ (യോഗ,കരകൗശല വിദ്യ, സിനിമ, അനിമേഷന്‍, ഗെയിമിങ്, ഡിജിറ്റല്‍ കണ്ടെന്റ്, ക്രിയേറ്റീവ് വേള്‍ഡ്) എന്നിവയാണ് ആ ധാരകള്‍.
വികസിത ഭാരതത്തിനായി യുവാക്കൾക്കൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കണം. സ്വപ്നങ്ങളുമായി മുന്നോട്ടു പോകണമെന്ന് മോദി യുവാക്കളോടും അഭ്യര്‍ഥിച്ചു. തലച്ചോറില്‍ നക്സലിസവുമായി നടക്കുന്നവരെ തിരിച്ചറിയണം, ഒറ്റപ്പെടുത്തണം. ലഹരിമുക്ത ഭാരതം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. എല്ലാത്തിനും മുകളിൽ രാജ്യമാകണം വലുത്. അവസരം നമ്മുടേതാണ്. സ്വപ്നങ്ങൾ യാഥാർഥ്യമാക്കണം. വികസിത ഭാരതമെന്ന സ്വപ്നം സാക്ഷാത്കരിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.