പാറ്റന: ബിഹാറിൽ മഹാഗഢ്ബന്ധൻ പ്രകടന പത്രിക ഇന്ന് പുറത്തിറങ്ങും. പട്നയിൽ ഇൻഡ്യാസഖ്യ നേതാക്കൾ തേജസ്വി പ്രാൺ പത്ര എന്ന പേരിലാണ് പത്രിക പുറത്തിറക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ റിബൽ സ്ഥാനാർഥികൾക്ക് എതിരായ നടപടി കടുപ്പിക്കുകയാണ് പാർട്ടികൾ. രണ്ട് സിറ്റിംഗ് എംഎൽഎമാർ അടക്കം 27 നേതാക്കളെ ആർജെഡി പുറത്താക്കിയപ്പോൾ 16 വിമത നേതാക്കളെ ജെഡിയുവും പുറത്താക്കി.
സീറ്റ് വിഭജനത്തിലെ അസ്വാരസ്യങ്ങൾക്ക് വിരാമമിട്ട് സജീവ പ്രചാരണത്തിലേക്ക് ശ്രദ്ധ തിരിച്ച ഇൻഡ്യാ സഖ്യം വിവിധ മേഖലകളുടെ വികസനം സ്പർശിക്കുന്ന പ്രകടനപത്രികയാകും പുറത്തിറക്കുക.തേജസ്വി യാദവ് ആർജെഡിയുടെ പേരിൽ നേരത്തെ വാഗ്ദാനങ്ങൾ പുറത്തിറക്കിയിരുന്നു. സിപിഐഎംഎല്ലും പത്രിക പുറത്തിറക്കിയിട്ടുണ്ട്. ഇത് കൂടി ഉൾപ്പെടുന്നതാകും തേജസ്വി പ്രാൺ പത്ര എന്ന പേരിൽ പുറത്തിറങ്ങുക.
എല്ലാ കുടുംബത്തിലും ഒരാൾക്കെങ്കിലും സർക്കാർ ജോലി, സാധാരണക്കാർക്ക് ആരോഗ്യ ഇൻഷൂറൻസ്, കരാർ തൊഴിലാളികളുടെ ജോലി സ്ഥിരത തുടങ്ങിയ വമ്പൻ പ്രഖ്യാപനങ്ങൾ തേസജ്വി യാദവ് നടത്തിയിരുന്നു. ബിജെപിക്കെതിരെ കടുത്ത വിമർശനം തേജസ്വി ആവർത്തിച്ചിട്ടുണ്ട്. ഛാട്ട് പൂജാ നടക്കുന്ന ബിഹാറിലേക്ക് യാത്രാത്തിരക്ക് ഒഴിവാക്കാൻ കൂടുതൽ ട്രെയിൻ വാഗ്ദാനം ചെയ്ത് നടപ്പാക്കാതിരുന്ന കേന്ദ്രസർക്കാരിനെതിരെ തേജസ്വി ആഞ്ഞടിച്ചു.
കേന്ദ്രം ജനങ്ങളെ വഞ്ചിച്ചെന്ന് തേജസ്വി പറഞ്ഞു. മൃഗങ്ങളെ കൂട്ടിലിട്ട് കുത്തിനിറച്ച് കൊണ്ടുവരുന്ന പോലെ നരകതുല്യമായാണ് തൊഴിലാളികൾ ട്രെയിനിൽ നാട്ടിലെത്തിയതെന്ന് തേജസ്വി വിമർശിച്ചു. മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലാത്ത എൻഡിഎയുടെ പ്രചാരണത്തെ പരിഹസിക്കുകയും ചെയ്തു ആർജെഡി നേതാവ്.