

കൊല്‍ക്കത്ത: ഭാര്യക്കെതിരെ ഭര്‍ത്താവ് നടത്തുന്ന ബലാത്സംഗം അതിന്റെ ഗൗരവത്തില്‍ പരിഗണിക്കാത്ത വളരെ കുറച്ച് രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശക്തമായ ബലാത്സംഗ നിയമങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ എന്തുകൊണ്ടാണ് മാരിറ്റല്‍ റേപ്പിനെ ഗൗരവത്തോടെ കാണാതിരിക്കുന്നതെന്നും ശശി തരൂര്‍ ചോദിച്ചു. കൊല്‍ക്കത്തയില്‍ എഫ്‌ഐസിസിഐ വനിതാ സംഘടനയും പ്രഭ ഖൈത്താന്‍ ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
'ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നതിനെ അതിന്റെ ഗൗരവത്തില്‍ പരിഗണിക്കാത്ത വളരെ കുറച്ച് ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ എന്നത് ഏറെ ഞെട്ടിക്കുന്നതാണ്. ബലാത്സംഗകുറ്റങ്ങള്‍ക്കെതിരായ ശക്തമായ നിയമങ്ങള്‍ ഉള്ള രാജ്യമാണ് ഇന്ത്യ. മാരിറ്റല്‍ റേപ്പ് എന്നത് സ്ത്രീകളുടെ അനുമതിയില്ലാതെ അവരോട് കാണിക്കുന്ന ക്രൂരതയാണ്. എന്നിട്ടും ഈ ഭര്‍ത്താക്കന്മാര്‍ക്കെന്തിനാണ് ഇളവ് നല്‍കുന്നത്,' തരൂര്‍ ചോദിച്ചു.
തന്റെ ജീവിത പങ്കാളിയെ ബഹുമാനിക്കാതിരിക്കുകയും, പങ്കാളിയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി അവരെ ബലാത്സംഗം ചെയ്യുകയും ചെയ്യുന്നത് നിയമ വിരുദ്ധമായ കാര്യമാണ്. വിവാഹം പരിശുദ്ധമായ ബന്ധമാണെന്നും അതിനകത്ത് എന്ത് നടന്നാലും പ്രശ്‌നമല്ലെന്ന് കരുതുന്നില്ലെന്ന ഇപ്പോഴത്തെ നിയമം മാറ്റേണ്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു.
'ഗാര്‍ഹിക പീഡനത്തിനെതിരെ ഒരു ശക്തമായ നിയമം രാജ്യത്ത് ആവശ്യമാണ്. ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതാ മന്ത്രിമാര്‍ പോരും കൃത്യമായി ഈ വിഷയങ്ങളിലേക്ക് ഇടപെടലുകള്‍ നടത്തുന്നില്ലെന്നത് ദൗര്‍ഭാഗ്യകരമാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ എതിര്‍ക്കപ്പെടണം,' തരൂര്‍ പറഞ്ഞു.