

ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയല്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിച്ചുവെന്ന വാദം തള്ളി ഇന്ത്യ.
'എപ്സ്റ്റീന്‍ ഫയല്‍സില്‍ നിന്ന് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തെയും പരാമര്‍ശിക്കുന്ന ഒരു ഇ-മെയില്‍ സന്ദേശത്തിന്റെ റിപ്പോര്‍ട്ടുകള്‍ കണ്ടു. 2017 ജൂലൈയില്‍ മോദി ഇസ്രയേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി എന്നതൊഴികെ ഇ-മെയില്‍ ബാക്കി പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ എല്ലാം ഒരു കുറ്റവാൡയുടെ പാഴ്‌വാക്കുകള്‍ മാത്രമാണ്. അത് അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നു,' വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
1992ല്‍ ഇന്ത്യയും ഇസ്രായേലും നയതന്ത്ര ബന്ധം പൂര്‍ണമായും സ്ഥാപിച്ചതിന് ശേഷം ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രി 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിക്കുന്നത്.
എന്നാല്‍ തന്റെ ഉപദേശം സ്വീകരിച്ച് ട്രംപിനുവേണ്ടി മോദി ഇസ്രയേല്‍ സന്ദര്‍ശിച്ചു എന്നായിരുന്നു പുറത്തുവന്ന ഇ-മെയിലില്‍ പറയുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മോദി എന്തിന് ഒരു കുറ്റവാളിയുടെ ഉപദേശം കേട്ടുവെന്നും എന്ത് ഗുണമാണ് ഇതുകൊണ്ട് ഉണ്ടായതെന്നും പവന്‍ ഖേര ചോദിച്ചു.
ജെഫ്രി എപ്സ്റ്റീന്‍ ലോകത്തിന് തന്നെ നാണക്കേട് ആണെന്നും പ്രധാനമന്ത്രിക്ക് എപ്സ്റ്റീനുമായി നേരിട്ടുള്ളതും നിഗൂഢവുമായ ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പവന്‍ഖേര ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട അവസാന ഭാഗം പുറത്തുവന്നത്. മൂന്ന് ദശലക്ഷത്തിലധികം പേജുകളും 2000ത്തിലധികം വീഡിയോകളും 1.8 ലക്ഷത്തില്‍ അധികം ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.