

ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരൻ ഹാഫിസ് സയീദ് ഡിപ്ലോമാറ്റിക് ചാനലിലൂടെ സമൻസ് അയക്കാനൊരുങ്ങി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 2025ലെ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തുടർനടപടികളെന്നാണ് റിപ്പോർട്ട്. കേസിൽ പ്രതിഭാഗത്തിന് വാദിക്കാൻ അർഹമായ അവസരം നൽകാനാണ് ഈ നീക്കമെന്നാണ് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നത്. സയീദിനുള്ള സമൻസ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയത്തിലേക്ക് എത്തിക്കും.
അതേസമയം, കേസിൽ അധികം വൈകാതെ തന്നെ കോടതി പ്രഖ്യാപിത കുറ്റവാളിയായി ഹാഫിസ് സയീദിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ നിയമനടപടികൾ. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ സെക്ഷൻ 356 പ്രകാരം, ഒരു പ്രതിയുടെ അഭാവത്തിലും അവർക്കെതിരെ അന്വേഷണം, വിചാരണ അല്ലെങ്കിൽ വിധി എന്നിവ പറയാൻ ഇന്ത്യൻ നിയമം അനുവദിക്കുന്നുണ്ട്. ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ 27 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഹാഫിസ് സയീദിനെ പ്രതിയാക്കിയിരുന്നു. ഈ കേസിൽ ജമ്മുവിലെ ഒരു പ്രത്യേക എൻഐഎ കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ത്യയും പാകിസ്ഥാനും പരസ്പരം പ്രതികളെ കൈമാറുന്നതിന് ഒരു കരാറും നിലവിലില്ല. ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദിനെ ഭീകരവിരുദ്ധ നിയമപ്രകാരം ഇന്ത്യ ഇതിനോടകം തന്നെ ആഗോള ഭീകരനായി പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അമേരിക്കയും ഇതേ നിലപാട് സ്വീകരിച്ചിരുന്നു. ഹാഫിസ് സയീദിനെതിരെ ഇൻ്റർപോൾ റെഡ് കോർണർ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
ഭീകരവാദ ധനസഹായ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ലാഹോർ ആസ്ഥാനമായുള്ള 76 കാരനായ സയീദ് കസ്റ്റഡിയിലാണെന്ന് പാകിസ്ഥാൻ നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാൽ ഹാഫിസ് സയീദിനെപ്പോലുള്ള തീവ്രവാദികളെ അന്താരാഷ്ട്ര നടപടികളിൽ നിന്ന് സംരക്ഷിക്കാൻ പാകിസ്ഥാൻ ഭരണകൂടം ശ്രമിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഏജൻസികൾ വളരെക്കാലമായി ആരോപിക്കുന്ന കാര്യമാണ്.