ഡൽഹി; ഫ്രാൻസിൽ നിന്നും ഇന്ത്യൻ വ്യോമസേനയ്ക്കായി 114 റഫാൽ യുദ്ധ വിമാനങ്ങൾ കൂടി വാങ്ങാനുള്ള കരാർ അടുത്ത മാസം ഒപ്പുവെയ്ക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിൻ്റെ ഇന്ത്യാ സന്ദർശന വേളയിലാകും കരാറിൽ ഒപ്പുവെയ്ക്കുക. കരാറിൽ ഇടനിലക്കാരുണ്ടാകില്ല. 3.25 ലക്ഷം കോടി രൂപയ്ക്കാണ് ഇന്ത്യ റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കരാർ പ്രകാരം 18 റഫാൽ യുദ്ധ വിമാനങ്ങൾ 2030 ൽ ഇന്ത്യയിൽ എത്തും. നിലവിൽ വ്യോമസേനക്ക് 34 റഫാൽ യുദ്ധവിമാനങ്ങളാണ് ഉള്ളത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അടുത്ത മാസം ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ടു തന്നെ ഫ്രാൻസുമായുള്ള കരാർ ശക്തമാകാനുള്ള സാധ്യതകൾ ഏറെയാണ്. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ വിതരണക്കാരായി റഷ്യ തുടരുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മോസ്കോയിൽ നിന്ന് സൈനിക ഹാർഡ്‌വെയർ വാങ്ങുന്നത് കേന്ദ്രം കുറച്ചിട്ടുണ്ട്.
നിലവിൽ ഫ്രാൻസുമായി കരാർ ഒപ്പുവയ്ക്കാൻ തയ്യാറെടുക്കുന്നുവെങ്കിലും നടപടിക്രമങ്ങൾ ഏറെയുണ്ട്. അന്തിമ കരാർ ഒപ്പിടുന്നതിനും ഡെലിവറികൾ ആരംഭിക്കുന്നതിനും മുൻപ് വില സംബന്ധിച്ച ചർച്ചകളും ഫെഡറൽ കാബിനറ്റിന്റെ അന്തിമ അനുമതിയും ഉൾപ്പെടെ തീരുമാനമാകേണ്ടതുണ്ട്. 114 ജെറ്റുകളിൽ ചുരുക്കം ചിലത് ഒഴികെ ബാക്കിയെല്ലാം ഫ്രഞ്ച് പ്രതിരോധ നിർമ്മാണ കമ്പനിയും ഇന്ത്യയും സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കുമെന്നുമാണ് സൂചന. ഇന്ത്യക്ക് സാങ്കേതികവിദ്യ കൈമാറുമെന്നും റിപ്പോട്ടുകൾ പറയുന്നു.