യാത്രക്കാർക്ക് വലിയ ആശ്വാസമാകുന്ന വലിയ മാറ്റങ്ങളുമായി ഇന്ത്യൻ റെയിൽവേ. തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിങ്, റിസർവേഷൻ ചാർട്ട് തയാറാക്കൽ, പാസഞ്ചർ റിസർവേഷൻ എന്നിവയടക്കമുള്ള മൂന്ന് സുപ്രധാന മാറ്റങ്ങൾക്കാണ് റെയിൽവേ ഒരുങ്ങുന്നത്. റിസർവേഷൻ ചാർട്ട് ഇനി മുതൽ എട്ട് മണിക്കൂർ മുൻപ് തയ്യാറാക്കും. നിലവിൽ ചാർട്ട് തയ്യാറാക്കിയിരുന്നത് നാല് മണിക്കൂർ മുൻപാണ്. വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ടിക്കറ്റ് ഉറപ്പായോ എന്നറിയാനും, ബദൽ മാർഗങ്ങൾ സ്വീകരിക്കാനും, ടിക്കറ്റ് ക്യാൻസൽ ചെയ്യാനും സഹായകമാകുന്നതാണ് ഈ തീരുമാനം.
തത്ക്കാൽ ടിക്കറ്റിന് ആധാർ നിർബന്ധമാക്കും. ഈ തീരുമാനം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇനി മുതൽ വെരിഫൈഡ് യൂസേഴ്സിന് മാത്രമേ തൽക്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുകയുള്ളൂ. തത്കാൽ ടിക്കറ്റിന് ഒടിപി ഒതൻ്റിഫിക്കേഷൻ ജൂലൈ അവസാനം പ്രാബല്യത്തിൽ വരും. പുതിയ റിസർവേഷൻ സിസ്റ്റം 2025 ഡിസംബറിൽ പ്രാബല്യത്തിൽ വരുമെന്നും റെയിൽവേ അറിയിച്ചു. റെയിൽവേ ബോർഡിൻ്റെ ശുപാർശ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അംഗീകരിച്ചു.
1) ട്രെയിൻ ചാർട്ട് തയാറാക്കൽ
ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കാൻ ഇന്ത്യൻ റെയിൽവേ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാരുടെ മനസ്സിലെ അനിശ്ചിതത്വങ്ങൾ ഇല്ലാതാക്കുക എന്നതാണ് ഈ നൂതന ചാർട്ടിംഗ് സംവിധാനത്തിന്റെ ലക്ഷ്യം. ഏതെങ്കിലും പ്രത്യേക ദിവസം ഉച്ചയ്ക്ക് രണ്ട് മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളുടെ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി ഒൻപത് മണിക്ക് തയ്യാറാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പ് റിസർവേഷൻ ചാർട്ട് തയ്യാറാക്കണമെന്നാണ് നിലവിലെ നിയമം. ഇത് യാത്രക്കാർക്ക് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് എങ്ങനെയെന്നും മന്ത്രാലയം എടുത്തുകാണിച്ചു. മന്ത്രി അശ്വിനി വൈഷ്ണവ് ഈ നിർദ്ദേശത്തോട് യോജിച്ചു, പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ ബോർഡ് ഇത് ഘട്ടം ഘട്ടമായി നടപ്പിലാക്കാൻ തുടങ്ങും.
2) പുതിയ റിസർവേഷൻ സംവിധാനം
2025 ഡിസംബറോടെ ഇന്ത്യൻ റെയിൽവേ ഒരു ആധുനിക പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ആരംഭിക്കാൻ ഒരുങ്ങുകയാണ്. ടിക്കറ്റ് ബുക്കിംഗ് ശേഷി മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം. പുതിയ പിആർഎസ് വഴി മിനിറ്റിൽ 1.5 ലക്ഷത്തിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയുമെന്ന് റെയിൽവേ ലക്ഷ്യമിടുന്നു, നിലവിലുള്ള പിആർഎസിൽ മിനിറ്റിൽ 32,000 ടിക്കറ്റുകൾ എന്ന നിരക്കിൽ നിന്ന് അഞ്ചിരട്ടി വർദ്ധനവാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയ പിആർഎസ് ബഹുഭാഷാപരമായിരിക്കുമെന്നും ഉപയോക്തൃ-സൗഹൃദ ബുക്കിംഗ്, എൻക്വയറി ഇന്റർഫേസ് എന്നിവ ഇതിൽ ഉണ്ടായിരിക്കുമെന്നും അവർ എടുത്തുപറഞ്ഞു. അവിടെ ആളുകൾക്ക് അവരുടെ സീറ്റ് തെരഞ്ഞെടുക്കാനും ഫാർ കലണ്ടർ കാണാനും കഴിയും.
3) തത്കാൽ ടിക്കറ്റ് ബുക്കിങ്
ജൂലൈ ഒന്ന് മുതൽ, പുതിയ പരിഷ്കാരം പ്രകാരം ഐആർസിടിസി വെബ്‌സൈറ്റ് വഴിയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും ആധികാരികതയുള്ള ഉപയോക്താക്കൾക്ക് മാത്രമേ തത്കാൽ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ. ജൂലൈ അവസാനം മുതൽ തത്കാൽ ബുക്കിംഗുകൾക്കായി ഒടിപി അടിസ്ഥാനമാക്കിയുള്ള ഒതൻ്റിഫിക്കേഷൻ ഉണ്ടാകും.