അരുണാചൽപ്രദേശ്: ബ്രഹ്മപുത്ര നദിയിൽ അണക്കെട്ട് നിര്‍മിക്കാൻ നീക്കവുമായി കേന്ദ്ര സർക്കാർ. അരുണാചല്‍ പ്രദേശിലെ ദിബാങ്ങിലാകും പുതിയ അണക്കെട്ട് നിര്‍മിക്കുക. ബ്രഹ്മപുത്ര നദിയിൽ ചൈന കെട്ടുന്ന അണക്കെട്ട് രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് ഭീഷണിയാണ്. ഈ സാഹചര്യം മറികടക്കാനാണ് പുതിയ അണക്കെട്ട് നിർമിക്കുന്നത് എന്നാണ് റിപ്പോർട്ട്.
ടിബറ്റില്‍ ബ്രഹ്മപുത്രയ്ക്ക് കുറുകെ ഭീമന്‍ അണക്കെട്ട് നിര്‍മിക്കുമെന്ന് കഴിഞ്ഞ വർഷമാണ് ചൈന പ്രഖ്യാപിച്ചത്. 2880 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് അണക്കെട്ട്. കഴിഞ്ഞ വർഷം പദ്ധതിക്ക് തറക്കല്ലിട്ടുവെങ്കിലും പിന്നീട് പ്രവർത്തനങ്ങൾ മന്ദഗതിയിലാകുകയായിരുന്നു.
നദിക്കു കുറുകെ ചൈന നിർമിക്കുന്ന അണക്കെട്ട് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് കടുത്ത ഭീഷണിയാണ്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടാൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും. ഇത് കണക്കാക്കിയാണ് മറ്റൊരു അണക്കെട്ടുകൊണ്ട് പ്രതിരോധിക്കാൻ ഇന്ത്യ തയ്യാറെടുക്കുന്നത്. ചൈനയുടെ ഭാഗത്തു നിന്നും തുറന്നുവിടുന്ന അധികജലം തടഞ്ഞു നിർത്തി നദിയിലേക്ക് നിയന്ത്രിതമായി ഒഴുക്കിവിടാനാണ് നീക്കം.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍-എൻഎച്ച്പിസി ലിമിറ്റഡാണ് അണക്കെട്ട് നിർമിക്കുക. ഇതിനായി 17,069 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി ആഗോള ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. 278 മീറ്റർ ഉയരത്തിലാണ് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട് എന്ന റെക്കോഡും പുതിയ അണക്കെട്ടിന് സ്വന്തമാകും. നിർമാണപ്രവർത്തികൾ 2032ൽ പൂർത്തീകരിക്കാനാണ് തീരുമാനം.