മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് 12,000 പേരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. സീനിയർ തലത്തിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെയാണ് ജോലിയിൽ നിന്നും പിരിച്ച് വിടുന്നത് കൂടുതലായും ബാധിക്കുക എന്നതാണ് പുറത്തുവരുന്ന വിവരം.
ക്ലയിൻ്റ് തീരുമാനമെടുക്കുന്നതിലും പ്രോജക്റ്റ് ആരംഭിക്കുന്നതിലും കാലതാമസം നേരിട്ടതായി ടിസിഎസ് ചീഫ് എക്സിക്യൂട്ടീവ് കെ. കൃതിവാസൻ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. പൊതുവേ കമ്പനികളിൽ പ്രവർത്തനരീതികൾ മാറുകയാണെന്നും അതിനനുസരിച്ച് കാര്യങ്ങൾ നീക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾക്കിടയിൽ ഐടി കമ്പനിയെ സജ്ജമാക്കുന്നതിനാണ് പുതിയ നീക്കം നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. കമ്പനിയുടെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് തൊഴിലാളി യൂണിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.