ഫെവിക്കോള്‍ മുതല്‍ ഹച്ചിലെ പഗ് വരെ; ജനപ്രിയ പരസ്യങ്ങളുടെ പിതാവ് പീയുഷ് പാണ്ഡേ വിടവാങ്ങി

'മിലേ സുര്‍ മേരാ തുമാരാ' എന്ന ഗാനത്തിന്റെ വരികള്‍ എഴുതിയതും ഇദ്ദേഹമാണ്
പീയുഷ് പാണ്ഡേ
പീയുഷ് പാണ്ഡേ Image: X
Published on

ഇന്ത്യന്‍ പരസ്യലോകത്തെ രാജാവ് പീയുഷ് പാണ്ഡേ (70) വിടവാങ്ങി. അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തൊണ്ണൂറുകളില്‍ ജനപ്രിയമായ ഒട്ടുമിക്ക പരസ്യങ്ങളുടേയും സൃഷ്ടവാണ് വിടവാങ്ങിയത്. കാഡ്ബറി, ഫെവികോള്‍, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവയുടെ ശ്രദ്ധേയമായ പരസ്യങ്ങളുടെയെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് പീയുഷ് പാണ്ഡേയായിരുന്നു.

നാല് പതിറ്റാണ്ടോളം ഇന്ത്യന്‍ പരസ്യരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. ജനപ്രിയ പരസ്യങ്ങള്‍ നിര്‍മിച്ച ഒഗില്‍വിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും വേള്‍ഡ് വൈഡ് ചീഫ് ക്രിയേറ്റീവ് ഓഫീസറുമായിരുന്നു.

1982 ൽ ഒഗില്‍വിയില്‍ എത്തിയ പിയുഷ് പാണ്ഡേ സണ്‍ലൈറ്റ് ഡിറ്റര്‍ജന്റിന്റെ പരസ്യത്തിലൂടെയാണ് കരിയര്‍ തുടങ്ങിയത്. ഇന്ത്യന്‍ പരസ്യമേഖലയുടെ മുഖവും ആത്മാവും സൃഷ്ടിച്ച പ്രതിഭയെന്നാണ് പീയുഷ് പാണ്ഡേയെ വിശേഷിപ്പിക്കുന്നത്.

സെക്കന്റുകള്‍ മാത്രമുള്ള പരസ്യങ്ങളിലൂടെ വലിയ കഥകഥള്‍ തന്നെ പറഞ്ഞ് ജനങ്ങളുടെ ഹൃദയത്തിലേക്ക് എത്തിച്ച വ്യക്തിയാണ് പീയുഷ് പാണ്ഡേ. പാശ്ചാത്യശൈലിയില്‍ നിന്ന് മാറി ഇന്ത്യയുടെ ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുവെന്നതായിരുന്നു അദ്ദേഹത്തിന്റെ പരസ്യങ്ങളുടെ പ്രത്യേകതയും വിജയവും. പ്രാദേശിക ഭാഷാശൈലിയിലേക്ക് പരസ്യങ്ങളെ വഴിതിരിച്ചു നടത്തിയെന്നതായിരുന്നു അദ്ദേഹത്തിന്റെ വിജയം.

പീയുഷ് പാണ്ഡേയുടെ ഏറ്റവും ജനപ്രീതി നേടിയ പരസ്യങ്ങളിലൊന്ന് ഫെവിക്കോളിനു വേണ്ടി നിര്‍മിച്ചതാകും. നര്‍മത്തില്‍ പൊതിഞ്ഞ് അവതരിപ്പിച്ച ആ പരസ്യങ്ങള്‍ക്ക് ഇന്നും ആരാധകരുണ്ട്. കാഡ്ബറി ഡയറിമില്‍ക്കിന്റെ 'കുച്ച് ഖാസ് ഹേ' എന്ന പരസ്യവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാമുകന്‍ സെഞ്ചുറി അടിച്ച സന്തോഷത്തില്‍ യുവതി മൈതാനത്തേക്ക് ഓടിയിറങ്ങി നൃത്തം ചെയ്യുന്ന ഐക്കോണിക് പരസ്യം. ഇത് പരസ്യചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. 'എന്തെങ്കിലും നല്ല കാര്യം തുടങ്ങുന്നതിനു മുമ്പ് മധുരം കഴിക്കുന്നത് നല്ലതാണ്' എന്ന ക്യാമ്പെയിനും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏഷ്യന്‍ പെയിന്റ്‌സിന്റെ 'ഹര്‍ ഖുഷി മേ രംഗ് ലായേ' എന്ന ക്യാമ്പെയിനും സൂപ്പര്‍ഹിറ്റായിരുന്നു. ഇതിനൊപ്പം ഹച്ചിന്റെ പഗ് പരസ്യവും ജനപ്രിയമായി. ഒരു കൊച്ചു പഗ് നായക്കുട്ടി ഒരു കുട്ടിയുടെ പിന്നാലെ എല്ലായിടത്തും പോകുന്ന പരമ്പര, (Wherever you go, our network follows) എന്ന ക്യാമ്പെയിന്‍ ആളുകള്‍ ഇന്നും മറന്നു കാണില്ല.

ഇതിനൊപ്പം തന്നെ ചില രാഷ്ട്രീയ ക്യാമ്പെയിനുകളും പിയൂഷ് പാണ്ഡേ ഭാഗമായി. 'അബ് കീ ബാര്‍ മോദി സര്‍ക്കാര്‍' എന്ന 2014 പൊതുതെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രശസ്തമായ പ്രചരണ മുദ്രാവാക്യം ഒരുക്കിയതും പീയുഷ് പാണ്ഡേയാണ്.

ഇതിനെല്ലാം പുറമേ ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി നിര്‍മിച്ച 'മിലേ സുര്‍ മേരാ തുമാരാ' എന്ന വീഡിയോ ഗാനത്തിന്റെ വരികള്‍ എഴുതിയതും ഈ പ്രതിഭയാണ്.

2016 ല്‍ രാജ്യം അദ്ദേഹത്തെ പത്മശ്രീ നല്‍കി ആദരിച്ചു. 2024 ല്‍ പരസ്യരംഗത്ത് അസാധാരണ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്ക് ലഭിക്കുന്ന ലണ്ടന്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ്സ് (LIA) ഉം അദ്ദേഹത്തെ തേടിയെത്തി. പരസ്യരംഗത്തെ ആഗോള പുരസ്‌കാരങ്ങളില്‍ ഒന്നായ CLIO അവാര്‍ഡിന്റെ ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com