
ഐക്യരാഷ്ട്രസഭ പൊതുസഭയില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹ്‌ബാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിന് മറുപടി പറഞ്ഞ് ഇന്ത്യ. പാക് പ്രധാനമന്ത്രിയുടെ അസംബന്ധ നാടകത്തിനാണ് യുഎന്‍ പൊതുസഭ സാക്ഷ്യം വഹിച്ചതെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗഹ്ലോട്ട് പറഞ്ഞു. തങ്ങളുടെ വിദേശനയത്തിന്റെ കേന്ദ്രബിന്ദുവായ ഭീകരവാദത്തെ ഒരിക്കല്‍ക്കൂടി മഹത്വവത്കരിക്കുകയാണ് പാക് പ്രധാനമന്ത്രി ചെയ്തത്. എത്രതന്നെ നാടകവും നുണകളുംകൊണ്ട് യാഥാര്‍ഥ്യങ്ങളെ മൂടിവയ്ക്കാനാവില്ലെന്നും ഗെഹ്ലോട്ട് പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ ദി റെസിസ്റ്റന്‍സ് ഫ്രണ്ടിനെ കഴിഞ്ഞ ഏപ്രിലില്‍ രക്ഷാസമിതിയില്‍ പാകിസ്ഥാന്‍ സംരക്ഷിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ഗഹ്ലോട്ടിന്റെ മറുപടി.
"ഒരു ചിത്രം ആയിരം വാക്കുകള്‍ക്ക് തുല്യമാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരരുടെ ചിത്രങ്ങള്‍ ഞങ്ങള്‍ കണ്ടു. മുതിര്‍ന്ന പാക് സൈനികരും, ഉദ്യോഗസ്ഥരുമൊക്കെ പരസ്യമായി അവരെ മഹത്വപ്പെടുത്തുകയും ആദരിക്കുകയും ചെയ്യുമ്പോള്‍, പാക് ഭരണകൂടത്തിന്റെ താല്‍പ്പര്യങ്ങളെക്കുറിച്ച് എന്ത് സംശയമാണ് ഉണ്ടാകേണ്ടത്? ഇന്ത്യയുമായുള്ള സമീപകാല സംഘര്‍ഷത്തെക്കുറിച്ചും പാക് പ്രധാനമന്ത്രി വിചിത്രമായ വിവരങ്ങളാണ് പങ്കുവച്ചത്. പക്ഷേ, ഇതുസംബന്ധിച്ച രേഖകള്‍ വ്യക്തമാണ്. മെയ് ഒമ്പത് വരെ കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന് പാകിസ്ഥാന്‍ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാല്‍, മെയ് പത്ത് ആയപ്പോള്‍ പോരാട്ടം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിച്ചു"- ഗഹ്ലോട്ട് പറഞ്ഞു.
ഭീകരവാദത്തെ വിന്യസിക്കുന്നതിലും, കയറ്റുമതി ചെയ്യുന്നതിലും ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യത്തിന് അതിനുവേണ്ടി ഏറ്റവും പരിഹാസ്യമായ വ്യാഖ്യാനങ്ങള്‍ ചമയ്ക്കുന്നതില്‍ തെല്ലും ലജ്ജയില്ലെന്ന് ഗെഹ്ലോട്ട് വിമര്‍ശിച്ചു. ഒരു പതിറ്റാണ്ടോളം അവർ ഒസാമ ബിൻ ലാദന് അഭയം നൽകിയിരുന്നു എന്നത് ഓര്‍ക്കണം. ഭീകരവാദത്തിനെതിരായ യുദ്ധത്തിൽ പങ്കാളികളാണെന്ന് നടിക്കുമ്പോഴും, പതിറ്റാണ്ടുകളായി തീവ്രവാദ ക്യാംപുകൾ പ്രവർത്തിപ്പിച്ചിരുന്നുവെന്ന് അവരുടെ മന്ത്രിമാർ തന്നെ അടുത്തിടെ സമ്മതിച്ചു. പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും അത്തരമൊരു ഇരട്ടത്താപ്പ് തുടരുന്നതിൽ അതിശയിക്കേണ്ടതില്ല. പാകിസ്ഥാന്‍ എത്രയും വേഗം എല്ലാ ഭീകര ക്യാംപുകളും അടച്ചുപൂട്ടണം, ഇന്ത്യക്ക് ആവശ്യമുള്ള ഭീകരരെ കൈമാറണം -ഗഹ്‌ലോട്ട് കൂട്ടിച്ചേര്‍ത്തു.
പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ, സിന്ധൂനദീജല ഉടമ്പടി മരവിപ്പിച്ച ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ചായിരുന്നു പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ പ്രസംഗം. ഉടമ്പടി വ്യവസ്ഥകള്‍ ലംഘിച്ചാണ് ഇന്ത്യ ഏകപക്ഷീയ തീരുമാനമെടുത്തത്. അത് രാജ്യാന്തര നിയമങ്ങളുടെയും ലംഘനമാണ്. അതിനെ യുദ്ധപ്രവൃത്തിയായി കണക്കാക്കാം. പാക് ജനത കശ്മീരിലെ ജനതയ്ക്കൊപ്പമാണ്. യുഎന്‍ നേതൃത്വത്തില്‍ നിഷ്‌പക്ഷമായ ജനഹിത പരിശോധന നടത്തിയാല്‍ കശ്മീരിന് സ്വയം നിര്‍ണായവകാശം ലഭിക്കും. എല്ലാത്തരത്തിലുമുള്ള ഭീകരവാദത്തെയും അപലപിക്കുന്നു. വിദേശ ധനസഹായമുള്ള ഭീകരവാദം രാജ്യം നേരിടുന്നുണ്ടെന്നും ഷെരീഫ് പറഞ്ഞു.