

ഗോണ്ടിയ : സുഹൃത്തിനൊപ്പം പുറത്തുപോയ ഇൻഡിഗോ ജീവനക്കാരിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. പൂനെ എയർപോർട്ട് ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്തിരുന്ന 35 കാരിയായ വർഷ ഠാക്കൂറിനെയാണ് മഹാരാഷ്ട്രയിലെ ഗോണ്ടിയ ജില്ലയിലുള്ള വനത്തിൽ ശരീരത്തില്‍ ഗുരുതര പരിക്കുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയത്ത് യുവതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിതേഷ് അഗ്രവാളിനെ മൊഴികളിലെ വൈരുധ്യത്തെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
ദീപാവലി ആഘോഷിക്കുന്നതിനായി തന്റെ രണ്ടര വയസ്സുള്ള മകളോടൊപ്പം മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിലുള്ള അമ്മയുടെ വീട്ടിലെത്തിയതായിരുന്നു വർഷ. 2024-ലായിരുന്നു വർഷയുടെ വിവാഹം, ഭർത്താവ് ഇൻഡോറിലാണ് താമസിക്കുന്നത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ സുഹൃത്തായ നിതേഷ് അഗ്രവാളിനൊപ്പം മഹാരാഷ്ട്ര മധ്യപ്രദേശ് അതിർത്തിക്ക് സമീപമുള്ള വൈൻഗംഗ പുഴക്കരയിലേക്ക് പോയ വർഷയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് നിതേഷ് തന്നെയാണ് വർഷയുടെ വീട്ടുകാരെ വിളിച്ചറിയിച്ചത്.
വിവരമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തുമ്പോൾ ഗുരുതരമായി പരിക്കേറ്റ് മരണാസന്നയായിരുന്നു വർഷ. ഉടൻ തന്നെ ഇവരെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സ്ഥിരീകരിച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് വർഷ ആക്രമിക്കപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായത്. മുഖംമൂടി ധരിച്ചെത്തിയ അജ്ഞാത സംഘം തങ്ങളെ ആക്രമിച്ച് കവർച്ച നടത്തിയെന്നാണ് നിതേഷ് പോലീസിന് മൊഴി നൽകിയത്. ഇത്രയും വലിയൊരു ആക്രമണം നടന്നിട്ടും കൂടെയുണ്ടായിരുന്ന നിതേഷിന്റെ ശരീരത്തിൽ യാതൊരു പരിക്കുകളുമില്ലാതിരുന്നത് പോലീസിൽ സംശയത്തിന് ഇടയാക്കി.
നിതേഷിന്റെ മൊഴിയിലെ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വർഷയുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അപകടം നടന്ന ശേഷമാണ് താൻ വിവരമറിഞ്ഞതെന്ന് വർഷയുടെ പിതാവ് വ്യക്തമാക്കി. യഥാർത്ഥത്തിൽ കവർച്ചാ ശ്രമമാണോ നടന്നത് അതോ മറ്റെന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും എല്ലാ വശങ്ങളും സമഗ്രമായി അന്വേഷിച്ചുവരികയാണെന്നും പോലീസ് അറിയിച്ചു.