വാരണാസി: ഇന്ധന ചോർച്ചയെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി . 6E-6961 കൊൽക്കത്ത - ശ്രീനഗർ വിമാനമാണ് വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്. വിമാനത്തിലുണ്ടായിരുന്ന 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പൈലറ്റ് ഉടൻ തന്നെ എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിച്ചതായി വാരണാസി പൊലീസും വിമാനത്താവള അധികൃതരും പറഞ്ഞു. എടിസി വിമാനത്തിന് അടിയന്തര ലാൻഡിംഗിന് അനുമതി നൽകിയതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
യാത്രക്കാർക്ക് യാത്ര തുടരുന്നതിനായി പിന്നീട് ഒരു ബദൽ വിമാനം ക്രമീകരിച്ചുവെന്നും ഇൻഡിഗോ അധികൃതർ വ്യക്തമാക്കി. യാത്രക്കാരുടെയും ജീവനക്കാരുടെയും വിമാനങ്ങളുടെയും സുരക്ഷയ്ക്കാണ് മുൻഗണനയെന്നും, അസൗകര്യം നേരിട്ടപ്പോൾ സാഹചര്യം മനസിലാക്കിയ ഉപഭോക്താക്കളുടെ ക്ഷമയെയും സഹകരണത്തെയും അഭിനന്ദിക്കുന്നതായും ഇൻഡിഗോ അധികൃതർ അറിയിച്ചു.