

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഒരു കുട്ടി അടക്കം 14 പേര്‍ മരിച്ചതില്‍ ലാബ് റിപ്പോര്‍ട്ട് പുറത്ത്. 26 ജല സാമ്പിളുകളുടെ പരിശോധനയില്‍ വിഷാംശം കണ്ടെത്തി. ഇന്‍ഡോര്‍ മുന്‍സിപ്പല്‍ കോര്‍പറേഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കോര്‍പ്പറേഷന്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നിന്നാണ് 10 ദിവസത്തിനിടെ 2,800 പേര്‍ രോഗബാധിതരായത്. ഛര്‍ദിയും വയറിളക്കവും ബാധിച്ച് 272 പേര്‍ കൂടെ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മധ്യപ്രദേശ് സര്‍ക്കാര്‍ 2 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, കുടിവെള്ളത്തെ കുറിച്ച് യാതൊരു മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിരുന്നില്ലെന്ന് മരണപ്പെട്ട അഞ്ചര മാസം പ്രായമുള്ള കുഞ്ഞ് അവ്യാന്റെ കുടുംബം പറയുന്നു. പ്രദേശത്തെ എല്ലാവരും ഈ വെള്ളമാണ് ഉപയോഗിച്ചിരുന്നതെന്നും കുടുംബം പറഞ്ഞു.
പ്രസവ ശേഷം അവ്യാന്റെ അമ്മയ്ക്ക് മുലപ്പാല്‍ കുറവായിരുന്നു. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്ത് നല്‍കിയത്. ഇതാണ് കുഞ്ഞിന്റെ ജീവനെടുത്തത്. സ്വകാര്യ കൊറിയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് അവ്യാന്റെ പിതാവ് സുനില്‍ സാഹു.
മകള്‍ ജനിച്ച് പത്ത് വര്‍ഷത്തിനു ശേഷമായിരുന്നു സുനില്‍ സാഹുവിനും ഭാര്യയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. പ്രസവ സമയത്ത് മകന്‍ ആരോഗ്യവാനായിരുന്നു. മുലപ്പാല്‍ കുറവായതിനാല്‍ ഡോക്‌റുടെ നിര്‍ദേശ പ്രകാരം പാക്കറ്റ് പാലില്‍ വെള്ളം ചേര്‍ത്തായിരുന്നു നല്‍കിയത്. രണ്ട് ദിവസം മുമ്പാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായത്.
പനിയും വയറിളക്കവുമായി ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ ചികിത്സ നല്‍കിയെങ്കിലും ഞായറാഴ്ചയോടെ കുഞ്ഞിന്റെ നില കൂടുതല്‍ വഷളായി. തിങ്കളാഴ്ച രാവിലെ ആശുപത്രിയില്‍ പോകുന്ന വഴിയാണ് കുഞ്ഞ് മരണപ്പെട്ടത്.
"പാലില്‍ വെള്ളം ചേര്‍ത്തതാണ് കുഞ്ഞിനെ അപകടത്തിലാക്കിയത്. ഭാര്യക്ക് മുലപ്പാല്‍ കുറവായിരുന്നു. ഡോക്ടറാണ് പാക്കറ്റ് പാല്‍ വെള്ളം ചേര്‍ത്ത് നല്‍കാന്‍ നിര്‍ദേശിച്ചത്. നര്‍മദ ടാപ് വെള്ളമാണ് ഉപയോഗിച്ചിരുന്നത്. ആ വെള്ളം ഇത്രയും മലിനമായിരിക്കുമെന്ന് ഒരുക്കലും കരുതിയില്ല. രണ്ട് ദിവസം മുമ്പാണ് മകന് വയറിളക്കം വന്നത്. മരുന്ന് നല്‍കിയെങ്കിലും അവന്‍ പോയി. ഇപ്പോഴാണ് ആളുകള്‍ ഞങ്ങളോട് സത്യം പറയുന്നത്".