

ബിജെപി കേരളത്തിന്‍റെ തലസ്ഥാന നഗരത്തിന്‍റെ ഭരണത്തില്‍ എത്തിയതിന് ശേഷം കേരളം കേള്‍ക്കുന്ന ഒരു വാക്കുണ്ട് 'ഇന്‍ഡോര്‍ മോഡല്‍'. മധ്യപ്രദേശിലെ ഇന്‍ഡോര്‍ നഗരത്തിന് രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്നാണ് വിശേഷണം. മാലിന്യ സംസ്കരണത്തില്‍ അടക്കം മാതൃകയായ ഈ ഉത്തരേന്ത്യന്‍ നഗരം ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ ക്ലീന്‍ സിറ്റി ലിസ്റ്റില്‍ പല വര്‍ഷമായി ഒന്നാമതാണ്. അതിനാല്‍ തന്നെ സംസ്ഥാനത്ത് ബിജെപിക്ക് ആദ്യമായി ഒരു കോര്‍പ്പറേഷന്‍ ലഭിച്ചാല്‍ അവിടുത്തെ മാതൃക പകര്‍ത്താന്‍ നോക്കുക സ്വഭാവികമാണ്.
ഇന്‍ഡോര്‍ മാതൃക കേരളത്തിലെ ബിജെപി നടപ്പിലാക്കാന്‍ ഒരുങ്ങുന്നെങ്കില്‍ അതില്‍ തെറ്റില്ല. അതും നടപ്പിലാക്കാട്ടെ. സംസ്ഥാന തലസ്ഥാനത്ത് അത് മാറ്റം ഉണ്ടാക്കട്ടെ. എന്നാല്‍ ഇന്നലെ മുതല്‍ ഈ ഇന്‍ഡോര്‍ നഗരത്തില്‍ വരുന്ന വാര്‍ത്തകള്‍ അത്യന്തികം വേദനിപ്പിക്കുന്നതാണ്. ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഭഗീരത്പുരയില്‍ മലിനജലം കുടിച്ച് ഏഴുമുതല്‍ പതിനാലുവരെ ആളുകള്‍ മരിച്ചെന്നാണ് രാജ്യം ഞെട്ടിയ വാര്‍ത്ത.
മരണം മറച്ചുവച്ചോ, ബിജെപി നേതാവിന്‍റെ പെരുമാറ്റം !
ഔദ്യോഗിക കണക്കുകൾ പ്രകാരം മരണസംഖ്യ 4 അല്ലെങ്കിൽ 5 ആണെന്ന് പറയുമ്പോഴും, നഗരസഭാ മേയർ തന്നെ 10 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ നാട്ടുകാർ പറയുന്നത് ഒരു ആറുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ 14 പേർ മരിച്ചിട്ടുണ്ടെന്നാണ്. ഇത്രയും വലിയൊരു ദുരന്തം മറച്ചുവെക്കാൻ ശ്രമം നടക്കുന്നു എന്ന ആരോപണം ശക്തമാണ്. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ സോണ്‍ 4 പെടുന്ന പ്രദേശമാണ് ഭഗീരത് പുര.
1,400-ലധികം ആളുകൾക്ക് വയറിളക്കം, പനി, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമായി ചികില്‍സയിലാണ്. നൂറുകണക്കിന് ആളുകളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു കഴിഞ്ഞു. പ്രധാന കുടിവെള്ള പൈപ്പ്‌ലൈനിൽ ഉണ്ടായ ചോർച്ചയാണ് ദുരന്തത്തിന് കാരണമായത്. ഈ പൈപ്പ്‌ലൈനിന് മുകളിൽ അനധികൃതമായി നിർമ്മിച്ച ഒരു പൊതുശൗചാലയത്തിലെ മാലിന്യം കുടിവെള്ളത്തിൽ കലരുകയായിരുന്നു. പൈപ്പ് ലൈനിലെ ജോയിന്റുകൾ അയഞ്ഞതും പ്രശ്നം ഗുരുതരമാക്കിയെന്നാണ് പ്രഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.
ഭഗീരത്പുര ഉൾപ്പെടുന്ന ഇന്‍ഡോര്‍-1 മണ്ഡലത്തിലെ എം.എൽ.എയും സംസ്ഥാന മന്ത്രിയുമായ കൈലാഷ് വിജയവർഗിയ മാധ്യമപ്രവർത്തകരോട് മോശമായി പെരുമാറിയത് വലിയ വിവാദമായി. സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് തിരികെ നൽകുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് "അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത്" എന്ന് അദ്ദേഹം ആക്രോശിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായി. പിന്നീട് അദ്ദേഹം ഇതിൽ ക്ഷമാപണം നടത്തി.
മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മന്ത്രി കൈലാഷ് വിജയവർഗിയയുടെ രാജി അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള പൈപ്പ് ലൈനിന് മുകളിൽ അനധികൃതമായി ശൗചാലയം നിർമ്മിച്ചത് കോർപ്പറേഷന്റെ അറിവോടെയാണെന്നും, ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
ദുരന്തവുമായി ബന്ധപ്പെട്ട് കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ വലിയ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിലും അനധികൃത നിർമ്മാണങ്ങൾ തടയുന്നതിലും കോർപ്പറേഷൻ പരാജയപ്പെട്ടുവെന്നാണ് പ്രധാന വിമര്‍ശനം. കഴിഞ്ഞ വർഷം ഒക്ടോബർ തന്നെ ഭഗീരത്പുരയിലെ ജനങ്ങൾ വെള്ളത്തിന്റെ മോശം ഗുണനിലവാരത്തെക്കുറിച്ച് മേയറുടെ ഹെൽപ്പ് ലൈനിൽ പരാതിപ്പെട്ടിരുന്നു. "വെള്ളത്തിന് ആസിഡിന്റെ ഗന്ധമാണ്", "മലിനജലം കലരുന്നു" എന്നിങ്ങനെയുള്ള പരാതികൾ അധികൃതർ അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങളിലെ വാര്‍ത്ത.
ഒപ്പം തന്നെ പ്രദേശത്ത് നിന്ന് ശേഖരിച്ച 26 കുടിവെള്ള സാമ്പിളുകളിൽ മാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് കോളറ പടരാനുള്ള സാധ്യത വളരെകൂടുതല്‍ ഉള്ളതരത്തിലാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ നർമ്മദ പൈപ്പ് ലൈൻ ഇടുന്നതിനുള്ള കരാര്‍ മാസങ്ങൾക്ക് മുൻപേ വിളിച്ചതാണെങ്കിലും അതിന്‍റെ പണി തുടങ്ങിയിരുന്നില്ല. ദുരന്തം ഉണ്ടായതിന് ശേഷമാണ് ഇതിനുള്ള വർക്ക് ഓർഡർ നൽകിയത്.
സംഭവത്തിൽ അശ്രദ്ധ കാണിച്ച മൂന്ന് മുൻസിപ്പൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തുവെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചത്. മരിച്ചവര്‍ക്ക് 2 ലക്ഷം രൂപ മുഖ്യമന്ത്രി ഡോ.മോഹന്‍ യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. ബാധിക്കപ്പെട്ട എല്ലാവർക്കും സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ സൗജന്യ ചികിത്സ നൽകാൻ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഈ സംഭവത്തിൽ സ്വമേധയാ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ മധ്യപ്രദേശ് ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
തുടർച്ചയായി എട്ടു തവണ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇൻഡോറിൽ ഇത്തരമൊരു ദുരന്തം ഉണ്ടായത് ബിജെപി ഭരണത്തിന് വലിയ നാണക്കേടുണ്ടാക്കി. ശുചിത്വത്തിന്റെ പേരിൽ വോട്ട് ചോദിക്കുന്ന പാർട്ടിക്ക്, സ്വന്തം നഗരത്തിലെ കുടിവെള്ള പൈപ്പിൽ മലിനജലം കലരുന്നത് തടയാനായില്ല എന്നത് പ്രതിപക്ഷം വലിയ ആയുധമാക്കിയിട്ടുണ്ട്. അഖിലേഷ് യാദവ് , അസദുദ്ദീൻ ഒവൈസി തുടങ്ങിയ ദേശീയ നേതാക്കളും ഈ വിഷയത്തിൽ ബിജെപിക്കെതിരെ രംഗത്തെത്തി. ഇത് മധ്യപ്രദേശിന് പുറത്തും പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചു.
ഇന്‍ഡോര്‍ മോഡല്‍ കേരളത്തില്‍
തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരമേറ്റ പുതിയ ബിജെപി ഭരണസമിതിയും മേയർ വി.വി. രാജേഷും ഇന്‍ഡോര്‍ മാതൃക നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇന്‍ഡോറിലെ ഇപ്പോഴത്തെ വിഷജല ദുരന്തം കേരള രാഷ്ട്രീയത്തിലും വലിയ ചർച്ചകൾക്ക് വഴിതെളിക്കും. എൽ.ഡി.എഫും യു.ഡി.എഫും ഈ വിഷയം ബിജെപിക്കെതിരെ ചോദ്യം ഉയര്‍ത്തിയേക്കാം. "നിങ്ങൾ കൊണ്ടുവരാൻ പോകുന്ന ഇന്‍ഡോര്‍ മോഡലിൽ ജനങ്ങൾക്ക് ലഭിക്കുക വിഷജലമാണോ?" എന്ന ചോദ്യം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു കഴിഞ്ഞു.
ഇന്‍ഡോര്‍ മോഡൽ പ്രധാനമായും അറിയപ്പെടുന്നത് മാലിന്യ സംസ്കരണത്തിലാണ് . എന്നാൽ ഭഗീരത്പുരയിലെ ദുരന്തം വിരൽ ചൂണ്ടുന്നത് നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയും ഭരണപരാജയവുമാണ്. ഇന്‍ഡോറിലെ പരാജയങ്ങളെക്കാൾ അവിടെ വിജയിച്ച മാലിന്യ സംസ്കരണ മാതൃകയെ മാത്രം ഹൈലൈറ്റ് ചെയ്യുക എന്നതായിരിക്കും ബിജെപി സ്വീകരിക്കാന്‍ പോകുന്ന നയം. എന്നാല്‍ 'ഇന്‍ഡോര്‍ മോഡൽ' എന്ന് ഇനി ഓരോ തവണ പ്രഖ്യാപിക്കുമ്പോഴും ഭഗീരത്പുരയിലെ ദുരന്തത്തെക്കുറിച്ച് മറുപടി പറയേണ്ട ബാധ്യത ബിജെപി നേതൃത്വത്തിനുണ്ടാകും.