നാവികസേനയ്ക്ക് കരുത്താകാന്‍ ഐഎന്‍എസ് ഹിമഗിരി, ഉദയഗിരി; എന്താണ് പ്രത്യേകതകള്‍?

രണ്ട് യുദ്ധക്കപ്പലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നാവികസേനയുടെ വാർഷിപ്പ് ഡിസൈന്‍ ബ്യൂറോ ആണ്
ഐഎൻഎസ് ഉദയഗിരി, ഹിമഗിരി
ഐഎൻഎസ് ഉദയഗിരി, ഹിമഗിരി
Published on

ന്യൂഡല്‍ഹി: നാവികസേന രണ്ട് പുതിയ നീലഗിരി ക്ലാസ് സ്റ്റെല്‍ത്ത് യുദ്ധകപ്പലുകള്‍ കമ്മീഷന്‍ ചെയ്തു. ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി എന്നീ കപ്പലുകളാണ് കമ്മീഷന്‍ ചെയ്തത്. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ആയിരുന്നു അധ്യക്ഷന്‍. പ്രൊജക്ട് 17 ആല്‍ഫ (പി-17എ) പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലാണ് ഈ യുദ്ധക്കപ്പലുകള്‍ നിർമിച്ചത്.

ലീഡ് കപ്പലായ ഐഎൻഎസ് നീലഗിരി ഈ വർഷം ആദ്യമാണ് കമ്മീഷന്‍ ചെയ്തത്. തദ്ദേശീമായി നിർമിച്ച ഹിമഗിരിയും ഉദയഗിരിയും പ്രതിരോധ മേഖലയ്ക്ക് പുത്തന്‍ ഉണർവേകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതാദ്യമായാണ് രണ്ട് കപ്പൽശാലകളിൽ നിന്നുള്ള രണ്ട് പ്രധാന യുദ്ധക്കപ്പലുകൾ ഒരേ സമയം കമ്മീഷൻ ചെയ്യുന്നത്. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എഞ്ചിനീയേഴ്‌സ് ആണ് ഹിമഗിരി നിർമിച്ചത്. ഐഎന്‍എസ് ഉദയഗിരിയുടെ നിർമാണത്തിന് പിന്നില്‍ മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സാണ്.

ഉദയഗിരിയും ഹിമഗിരിയും ഡിസൈൻ, സ്റ്റെൽത്ത്, ആയുധം, സെൻസർ സംവിധാനങ്ങൾ എന്നിവയിൽ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും വിവിധ സമുദ്ര ദൗത്യങ്ങൾ നിർവഹിക്കാൻ പ്രാപ്തമാണെന്നുമാണ് ഇന്ത്യന്‍ നേവിയുടെ പ്രസ്താവനയില്‍ പറയുന്നത്.

രണ്ട് യുദ്ധക്കപ്പലുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്നത് നാവികസേനയുടെ വാർഷിപ്പ് ഡിസൈന്‍ ബ്യൂറോ (ഡബ്ല്യൂഡിബി) ആണ്. ഡബ്ല്യൂഡിബി രൂപകല്‍പ്പന ചെയ്യുന്ന 100ാമത്തെ കപ്പലാണ് ഉദയഗിരി. 30 വർഷത്തിലേറെയായി രാജ്യത്തിന് മികച്ച സേവനം നൽകിയ, അടുത്തിടെ ഡീകമ്മീഷന്‍ ചെയ്ത മുന്‍ഗാമിയുടെ പേരാണ് ഈ കപ്പലിന് നല്‍കിയിരിക്കുന്നത്. കമ്മീഷൻ ചെയ്ത ശേഷം, രണ്ട് ഫ്രിഗേറ്റുകളും കിഴക്കൻ കപ്പല്‍ പടയ്‌ക്കൊപ്പം ചേരും. ഇത് ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ കപ്പല്‍ പടയെ ശക്തമാക്കും.

മുൻ ഡിസൈനുകളെ അപേക്ഷിച്ച് വലിയ മാറ്റങ്ങളോടെയാണ് രണ്ട് കപ്പുലകളും അവതരിപ്പിച്ചിരിക്കുന്നത്. പി-17എ ഫ്രിഗേറ്റുകള്‍ മുൻകാല ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാൾ ഏകദേശം അഞ്ച് ശതമാനം വലുതാണ്. എന്നാല്‍, കൂടുതൽ ഭംഗിയുള്ള രൂപവും കുറഞ്ഞ റഡാർ ക്രോസ്-സെക്ഷനുമാണ് ഇവയ്ക്കുള്ളത്.

ഐഎൻഎസ് ഉദയഗിരി

മുംബൈ ആസ്ഥാനമായുള്ള മസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് ആണ് നിർമാണം.ഇതിന് 149 മീറ്റർ നീളമുണ്ട്. 28 നോട്ട്, അതായത് മണിക്കൂറിൽ ഏകദേശം 52 കിലോമീറ്റർ ആണ് വേഗത. 48 ബരാക്-8 മിസൈലുകളും എട്ട് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളും രണ്ട് ഹെലികോപ്റ്ററുകളും വഹിക്കാനുള്ള ശേഷിയാണ് ഈ കപ്പലിന് ഉള്ളത്.

ഐഎൻഎസ് ഹിമഗിരി

കൊൽക്കത്ത ആസ്ഥാനമായുള്ള ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആണ് നിർമാണം. ഉദയഗിരിയുടെ അതേ നീളം, ഭാരം, പരമാവധി വേഗത എന്നിവയുള്ള ഈ കപ്പലിന് രണ്ട് ഹെലികോപ്റ്റുകളെയും 32 ബരാക്-8 മിസൈലുകളും എട്ട് ബ്രഹ്മോസ് സൂപ്പർസോണിക് മിസൈലുകളും വഹിക്കാന്‍ സാധിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com