

ബെംഗളൂരു ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഐപിഎൽ വേദിമാറ്റാൻ സമ്മതിക്കില്ലെന്ന് കർണാടക ഉപ മുഖ്യമന്ത്രി. ബെംഗളൂരുവിൻ്റെയും കർണാടക ക്രിക്കറ്റിൻ്റെയും അഭിമാനമാണ് ചിന്നസ്വാമി സ്റ്റേഡിയത്തിലെ മത്സരങ്ങൾ. അതിനാൽ മത്സരങ്ങൾ ബെംഗളൂരുവിൽ തന്നെ നടത്താൻ ശ്രമിക്കുമെന്ന് ഡി.കെ. ശിവകുമാർ അറിയിച്ചു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിനായി പുതിയ സ്റ്റേഡിയം പണിയുമെന്നും ഡി.കെ.ശിവകുമാർ പ്രഖ്യാപിച്ചു. താനൊരു ക്രിക്കറ്റ് ആരാധകനാണെന്നും ഭാവിയിൽ ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കർണാടക ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ആർസിബിയുടെ വിജയാഘോഷത്തിനിടെയുണ്ടായ ദുരന്തത്തിന് ശേഷം ഐപിഎൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ സ്റ്റേഡിയത്തിൽ നിന്ന് മാറ്റുന്നതിനെ കുറിച്ച് അഭ്യൂഹങ്ങളുയർന്നിരുന്നു. വരും ദിവസങ്ങളിൽ ലഭ്യമായ എല്ലാ മത്സരങ്ങളും അനുവദിക്കുമെന്നും ശിവകുമാർ ഉറപ്പ് നൽകി.