ഡൽഹി: ഇറാൻ പ്രക്ഷോഭത്തെ തുടർന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുടെ ആദ്യ ബാച്ച് നാളെ എത്തുമെന്ന് റിപ്പോർട്ട്. ടെഹ്റാനിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിൽ എത്തുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. യുഎസ് ആക്രണത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരുന്നു. സിവിലിയൻ ഗതാഗതത്തിനായി വീണ്ടും വ്യോമാതിർത്തി തുറന്നുകൊടുത്തതോടെയാണ് ഇന്ത്യക്കാരുമായുള്ള വിമാനം നാളെ എത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇൻ്റർനെറ്റ് സൗകര്യമോ, ഫോണിലൂടെ ബന്ധപ്പെടാനോ പറ്റാത്ത സാഹചര്യം ആയതിനാൽ ഇന്ത്യൻ വിദ്യാർഥികളേയും പൗരന്മാരേയും എംബസി ഉദ്യോഗസ്ഥർ നേരിട്ടെത്തി ബന്ധപ്പെടുകയാണ് ഉണ്ടായത്. ഇറാനിലുടനീളം പ്രതിഷേധം വ്യാപകമായതോടെ ഇന്ത്യക്കാരുടെ സുരക്ഷയെ കുറിച്ച് ചർച്ചകൾ ശക്തമാക്കിയിരുന്നു.
ഔദ്യോഗിക കണക്കുകൾ പ്രകാരം, വിദ്യാർത്ഥികൾ ഉൾപ്പെടെ 10,000-ത്തിലധികം ഇന്ത്യക്കാർ നിലവിൽ ഇറാനിൽ താമസിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം രാജ്യത്തുള്ള എല്ലാ ഇന്ത്യൻ പൗരന്മാരോടും ലഭ്യമായ മാർഗങ്ങളിലൂടെ രാജ്യം വിടാനും ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഇറാനിലുള്ള എല്ലാ ഇന്ത്യൻ പൗരന്മാരും പാസ്‌പോർട്ടുകൾ, ഐഡികൾ എന്നിവയുൾപ്പെടെയുള്ള യാത്രാ, ഇമിഗ്രേഷൻ രേഖകൾ കൈവശം വയ്ക്കണമെന്ന നിർദേശവും നൽകിയിരുന്നു. അഥവാ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടേണ്ടി വന്നാൽ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിച്ച് അതൊക്കെ തീർപ്പാക്കണമെന്ന നിർദേശവും അധികൃതർ നൽകിയിയിരുന്നു.