ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിൽ ആദ്യമായാണ് കേന്ദ്ര ബജറ്റ് ഞായറാഴ്ച അവതരിപ്പിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ 2026-27 ലെ കേന്ദ്ര ബജറ്റ് ലോക്‌സഭയിൽ അവതരിപ്പിക്കും. എന്നാൽ, ആദ്യമായാണോ ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതെന്നത് സംബന്ധിച്ച് ചർച്ചകൾ ഇപ്പോഴും സജീവമാണ്.
1999ലെ ബജറ്റ് അവതരിപ്പിച്ചത് ഞായറാഴ്ചയാണോ?
ആദ്യകാലങ്ങളിൽ ഫെബ്രുവരിയിലെ അവസാന പ്രവൃത്തി ദിവസമായിരുന്നു ബജറ്റ് അവതരിപ്പിച്ചിരുന്നത്. 1999ൽ, ഫെബ്രുവരി 28 ഞായറാഴ്ചയായപ്പോൾ, അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൻ്റെ അന്നത്തെ ധനകാര്യ മന്ത്രി യശ്വന്ത് സിൻഹ ഒരു ദിവസം മുമ്പ്, ഫെബ്രുവരി 27ന്, ശനിയാഴ്ച ബജറ്റ് അവതരിപ്പിക്കുകയായിരുന്നു.
1999ലെ ബജറ്റും ചരിത്രപരമായിരുന്നു, കാരണം അതുവരെ യൂണിയൻ ബജറ്റുകൾ വൈകുന്നേരം അഞ്ച് മണിക്കാണ് അവതരിപ്പിച്ചിരുന്നത്. ബ്രിട്ടീഷ് കൊളോണിയൽ സമ്പ്രദായവുമായി ബന്ധപ്പെട്ടായിരുന്നു അത്തരത്തിലുള്ള സമയക്രമീകരണം. എന്നാൽ, സിൻഹയുടെ അവതരണത്തോടെ ഷെഡ്യൂൾ രാവിലെ 11 മണിയിലേക്ക് മാറ്റി, അതിനുശേഷം ഇന്ത്യയിൽ ബജറ്റ് പ്രഖ്യാപനങ്ങൾക്കുള്ള സ്റ്റാൻഡേർഡ് സമയമായി ഇത് മാറി.
ഫെബ്രുവരി 1 ന് ബജറ്റ് അവതരിപ്പിക്കുന്നത് എന്തുകൊണ്ട്?
2017 മുതൽ, തുടർച്ചയായി സർക്കാരുകൾ ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഫെബ്രുവരി അവസാനം വരെ നീണ്ടുനിന്ന മുൻ ഷെഡ്യൂളിൽ നിന്ന് മാറ്റം വന്നത് അങ്ങനെയാണ്. ഏപ്രിൽ ഒന്നിന് പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന് മുമ്പ് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യാനും അംഗീകരിക്കാനും നടപ്പിലാക്കാനും പാർലമെന്റിന് മതിയായ സമയം നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിഷ്കരണം.