
പട്‌ന: 16 ദിവസം നീണ്ട വോട്ട് അധികാർ യാത്ര വലിയ വിജയമാണെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ. യാത്രയുടെ അവസാനം രാഹുൽ ഗാന്ധി നടത്തിയ ഹൈഡ്രജൻ ബോംബ് പരാമർശം എന്താകുമെന്ന ആകാംക്ഷയിലാണ് പലരും. അതേ സമയം രാഹുലിൻ്റെ ബോംബ് പരാമർശത്തെ കളിയാക്കി, യാത്രയ്ക്കിടെ ഉണ്ടായ മോദി അധിക്ഷേപം ഉയർത്തി മുന്നേറ്റത്തിൻ്റെ മേനി കുറയ്ക്കാനുള്ള പരിശ്രമത്തിലാണ് എൻഡിഎ. അതുകൊണ്ട് തന്നെയാകണം വോട്ടർപട്ടിക ക്രമക്കേട് കണ്ടെത്തുന്നതിൽ മുൻനിരയിലുണ്ടായ കോൺഗ്രസ് നേതാവ് പവൻ ഖേടയ്ക്ക് എതിരെ ഇരട്ട വോട്ടർ ഐഡി ആരോപണം ഉൾപ്പെടെ കൊണ്ടുവന്നത്.
വോട്ട് അധികാർ യാത്രയ്ക്ക് ശേഷം ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം നൽകിയാണ് രാഹുൽ ഗാന്ധി അതിന് സമാപനം കുറിച്ചത്. പുതിയ ശക്തമായ വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്ന് വ്യക്തമാണ്. പക്ഷെ അത് വോട്ടർപട്ടികയെ കുറിച്ച് മാത്രമാണോ അതോ മറ്റേതെങ്കിലും വിഷയമാണോ എന്ന ചോദ്യമാണ് ഉയരുന്നത്. വോട്ടർപട്ടിക ക്രമക്കേടിലെ കൂടുതൽ സ്ഥലങ്ങളിലെ കണക്കുകളാകാം എന്നാണ് നിഗമനം.
മഹാരാഷ്ട്ര അസംബ്ലി തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നതായുള്ള രാഹുൽ ഗാന്ധിയുടെ സംശയത്തിന് പിന്നാലെ ഞെട്ടിക്കുന്ന കണക്കുകളാണ് പൻവേൽ മണ്ഡലത്തിൽ നിന്ന് പുറത്തുവരുന്നത്. 85,211 പേരുകൾ പല പൻവേലിലും മറ്റ് മണ്ഡലങ്ങളിലുമായി ഒന്നിലേറെ തവണ ആവർത്തിക്കപ്പെട്ടതായി കണ്ടെത്തിയത്. ഇത് സംബന്ധിച്ചാകും വെളിപ്പെടുത്തലെന്നും നിഗമനമുണ്ട്. രാഹുൽ സൂചിപ്പിച്ച ഹൈഡ്രജൻ ബോംബ് എന്താകും എന്നതിലെ ആകാംക്ഷ പ്രതിപക്ഷ മുന്നണിക്ക് മാത്രമല്ല, ബിജെപി നയിക്കുന്ന എൻഡിഎയ്ക്കും ഉണ്ട്. അതുകൊണ്ട് തന്നെയാണ് രാഹുൽ ഗാന്ധിക്ക് ആശയക്കുഴപ്പമാണെന്ന തരത്തിൽ ബിജെപി പ്രചരണം നടത്തുന്നത്.
വോട്ടർപട്ടികയിലെ ഇരട്ടിപ്പ് സംബന്ധിച്ച് ആദ്യം വെളിപ്പെടുത്തൽ നടത്തിയത് കോൺഗ്രസ് വക്താവ് പവൻ ഖേട ആയിരുന്നു. മഹാദേവപുരയിലെയും മഹാരാഷ്ട്രയിലെയും കോൺഗ്രസിൻ്റെ വെളിപ്പെടുത്തലിന് പിന്നിലെ വിവരശേഖരണം നയിച്ചത് പവൻ ഖേട ആയിരുന്നു. ഇതിനുപിന്നാലെ പവൻ ഖേടയ്ക്ക് നേരെയായിരുന്നു ബിജെപിയുടെ ആരോപണം. പവൻ ഖേടയ്ക്ക് രണ്ട് വോട്ടർ ഐഡി കാർഡ് ഉണ്ടെന്നാണ് ബിജെപി ഉന്നയിച്ചത്. എന്നാൽ ഇതിൽ ഒന്ന് റദ്ദാക്കിയതാണെന്ന് കോൺഗ്രസും വെളിപ്പെടുത്തി.
ബിജെപിയുടെ പുതിയ ആരോപണം, ആത്മഹത്യാപരമാണെന്ന് പറയേണ്ടി വരും. വയനാട്ടിലും റായ്ബറേലിയിലും വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഉണ്ടെന്ന് കാട്ടി അനുരാഗ് ഠാക്കൂർ നടത്തിയ വെളിപ്പെടുത്തൽ കോൺഗ്രസിൻ്റെ ആരോപണം ശരിവയ്ക്കുകയാണെന്ന വ്യാഖ്യാനം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ആരോപണങ്ങളെ കുറിച്ചുള്ള പ്രതികരണങ്ങളിൽ നിന്ന് ബിജെപി ഏറെ നാൾ അകന്ന് നിൽക്കുകയും ചെയ്തു. ഇതിന് ശേഷം വീണ്ടും ഇത്തരമൊരു ആരോപണം ബിജെപി ഉന്നയിക്കുന്നത് കോൺഗ്രസ് ഉന്നയിച്ച പ്രശ്നങ്ങളും ക്രമക്കേടുകളും ശരിവയ്ക്കുന്ന തരത്തിൽ കണക്കാക്കപ്പെടും. അതുകൊണ്ടു തന്നെ യാത്രയ്ക്കിടയിൽ പ്രധാനമന്ത്രിയ്ക്ക് എതിരായ അധിക്ഷേപം അടക്കം മുൻനിർത്തി വോട്ട് അധികാർ യാത്രയെ നേരിടാനാകും ബിജെപി ശ്രമിക്കുക.