

ബെംഗളൂരു: ഇന്‍കം ടാക്‌സ് റെയ്ഡിനിടെ വെടിയുതിര്‍ത്ത് ജീവനൊടുക്കിയ വ്യവസായി സി.ജെ. റോയ്‌യുടെ സംസ്‌കാരം ശനിയാഴ്ച. ബെംഗളൂരുവില്‍ വെച്ചായിരിക്കും സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക. വിദേശത്തുള്ള കുടുംബം രാത്രി തന്നെ നാട്ടിലെത്തും.
ഇതിനിടയില്‍ സി.ജെ. റോയ്‌യുടെ മരണത്തിന് ഉത്തരവാദികള്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന ആരോപണവും ഉയരുന്നുണ്ട്. മൂന്ന് ദിവസമായി സി.ജെ. റോയ്‌യുടെ സ്ഥാപനങ്ങളില്‍ ആദായ വകുപ്പിന്റെ റെയ്ഡ് നടക്കുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള സംഘമാണ് എത്തിയത്. റെയ്ഡിന്റെ കാര്യം ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ സീമന്ത് കുമാര്‍ സിങ്ങും സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിയുതിര്‍ത്ത തോക്കും സി.ജെ. റോയിയുടെ രണ്ട് ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആദായ നികുതി വകുപ്പ് റോയ്‌യെ സമ്മര്‍ദത്തിലാക്കിയെന്നാണ് കോണ്‍ഫിഡന്‍സ് ഗ്രൂപ്പിന്റെ ആരോപണം. റെയ്ഡിനിടെ അടുത്ത മുറിയിലേക്ക് പോയ റോയ് വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച വൈകീട്ട് 3.15-ഓടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടിയേറ്റത്.
കേരളത്തിനകത്തും പുറത്തും ഗള്‍ഫിലുമായി നിരവധി സംരംഭങ്ങളുള്ള വ്യക്തിയാണ് സി.ജെ. റോയ്. സിനിമാ നിര്‍മാതാവ് കൂടിയാണ്. അനോമി, മരക്കാര്‍ - അറബിക്കടലിന്റെ സിംഹം, കാസനോവ, ഐഡന്റിറ്റി, മേം ഹും മൂസ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.
ഭാവന നായികയായ അനോമിയുടെ റിലീസ് അടുത്തിരിക്കെയാണ് നിര്‍മാതാവ് കൂടിയായ സി.ജെ. റോയിയുടെ അപ്രതീക്ഷിത വിയോഗം.