വിദ്യാർഥി സമരത്തിന് വഴങ്ങി ജാമിയ മിലിയ; യൂണിയൻ തെരഞ്ഞെടുപ്പിന് സമയപരിധി പ്രഖ്യാപിച്ചു

2006 ലാണ് ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ് യൂണിയന്‍ പിരിച്ചുവിട്ടത്
Clash between students and security personnel at Jamia Millia Islamia University
ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളും സുരക്ഷാജീവനക്കാരും തമ്മിൽ സംഘർഷം
Published on: 
Updated on: 

ന്യൂഡല്‍ഹി: വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ മുട്ടുമുടക്കി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല അധികൃതര്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സര്‍വകലാശാലയില്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ പുനഃസ്ഥാപിക്കുന്നതിനുള്ള കൃത്യമായ സമയപരിധി സര്‍വകലാശാലാ ഭരണകൂടം പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിക്കണമെന്നും സര്‍വകലാശാല അഭ്യര്‍ത്ഥിച്ചു.

രജിസ്ട്രാര്‍ ഓഫീസ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഭരണഘടന 2027 മെയ് 15-നകം അംഗീകരിച്ച് നടപ്പാക്കും. തുടര്‍ന്ന് 2027 ജൂലൈ 16-ന് ആറാഴ്ചയ്ക്കുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തും.

മുന്‍പത്തെ ചര്‍ച്ചകളില്‍ കൃത്യമായ തീയതി പ്രഖ്യാപിക്കാത്തതായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് കാരണമായിരുന്നത്. പുതിയ ഉത്തരവോടെ ഇതിന് പരിഹാരമാകുമെന്നാണ് സര്‍വകലാശാലയുടെ പ്രതീക്ഷ.

വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നും സര്‍വകലാശാല ഉറപ്പ് നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കെതിരെ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടീസുകളും അച്ചടക്ക നടപടികളും പിന്‍വലിക്കും. വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍, പുറത്താക്കല്‍ ഉത്തരവുകളും പ്രവേശന വിലക്കുകളും പൂര്‍ണമായി പിന്‍വലിക്കും.

Clash between students and security personnel at Jamia Millia Islamia University
നെതന്യാഹു ജയിച്ചില്ല, തോറ്റതുമില്ല; ലോകത്തെ നിര്‍ണയിക്കുന്ന ഇസ്രയേലി തെരഞ്ഞെടുപ്പ്

യൂണിയന്‍ ഭരണഘടന അംഗീകരിച്ചുകഴിഞ്ഞാല്‍, ലിങ്‌ദോ കമ്മിറ്റി മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കും. ഈ ആഴ്ചയുടെ തുടക്കത്തില്‍ രജിസ്ട്രാറുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്, വിദ്യാര്‍ഥി യൂണിയന്റെ ഭരണഘടന അംഗീകരിച്ച തീയതി മുതല്‍ 15 ദിവസത്തിന് ശേഷം തിരഞ്ഞെടുപ്പ് നടക്കും എന്നായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി വ്യക്തമാക്കാത്തതിനെ തുടര്‍ന്ന് നിരാഹാര സമരം അനുഷ്ഠിച്ച വിദ്യാര്‍ത്ഥികള്‍ ഉത്തരവ് തള്ളുകയും പ്രതിഷേധം തുടരുകയും ചെയ്യുകയായിരുന്നു.

ഡിസംബര്‍ 20-നകം ഭരണഘടന തയ്യാറാക്കി അംഗീകരിക്കണമെന്നും അതിനുശേഷം 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു വിദ്യാര്‍ഥികളുടെ ആവശ്യം. പുതിയ ഉത്തരവ് പ്രകാരം 2027 ഓഗസ്റ്റ് പകുതിയോടെ വോട്ടെടുപ്പ് നടക്കും.

രണ്ടാഴ്ച മുമ്പാണ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചത്. തുടര്‍ന്ന് ക്ലാസുകളും പരീക്ഷകളും സര്‍വകലാശാല ഓണ്‍ലൈനിലേക്ക് മാറ്റിയിരുന്നു.

2006 ലാണ് ജാമിയ മിലിയ ഇസ്ലാമിയ സ്റ്റുഡന്റ് യൂണിയന്‍ പിരിച്ചുവിട്ടത്. അതിനു ശേഷം ഇതുവരെ തെരഞ്ഞെടുപ്പ് നടത്തിയിരുന്നില്ല. ഉത്തര്‍പ്രദേശിലെ അലിഗഡ് മുസ്ലിം സര്‍വകലാശാലയിലും സമാനമായ രീതിയില്‍ സമരം നടന്നിരുന്നു. അവിടെ 19 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കാന്‍ സര്‍വകാലാശാല സമ്മതിക്കുകയും നവംബര്‍ 5 ന് തെരഞ്ഞെടുപ്പ് നിശ്ചയിക്കുകയും ചെയ്തിരുന്നു.