

ഡൽഹി: വോട്ട് ചോരി വിഷയത്തിൽ ഗ്യാനേഷ് കുമാറിൻ്റെ രാജിയും എസ്.ഐ.ആർ പിൻവലിക്കണമെന്ന ആവശ്യവും ഉന്നയിച്ച് തുടർച്ചയായ രണ്ടാം ദിനവും പ്രതിഷേധം തുടരാൻ കോക്ക്രോച്ച് ജനതാ പാർട്ടി. രാജ്യതലസ്ഥാനത്തെ വിറപ്പിക്കാൻ തുടർച്ചയായ രണ്ടാം ദിവസവും ജന്തർമന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണിയോടെ പ്രതിഷേധ മാർച്ച് ആരംഭിക്കാനാണ് നീക്കം. സിപിഐഎം ഉൾപ്പെടെയുള്ള ഇടതു പാർട്ടികളും ഐസയും എസ്.എഫ്.ഐയും ഉൾപ്പെടെയുള്ള ഇടതു വിദ്യാർഥി സംഘടനകളും പ്രതിഷേധ സമരം തുടരുമെന്ന് തന്നെയാണ് അറിയിച്ചിട്ടുള്ളത്.
ഇന്നലെ ഡൽഹിയിൽ നിന്ന് മാത്രം ഏഴായിരത്തോളം പേരെ കസ്റ്റഡിയിലെടുത്തു എന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിവരം. കൂടാതെ പ്രതിഷേധ മാർച്ച് ആരംഭിക്കുന്നതിന് മുൻപേ തന്നെ ആയിരത്തോളം പേരെ കരുതൽ തടങ്കൽ എന്ന നിലയിൽ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഭൂരിഭാഗം പേരെയും ശനിയാഴ്ച വൈകീട്ടത്തോടെ വിട്ടയച്ചിരുന്നു.
സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ ഇനിയും പൊലീസ് വിട്ടയച്ചിട്ടില്ല. ഇവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിജെപി സുപ്രീം കോടതിയിൽ ഹേബിയസ് കോർപ്പസ് സമർപ്പിച്ചിട്ടുണ്ട്. അവധി ദിവസമായിട്ടും ഇന്ന് പ്രത്യേക സിറ്റിങ് ചേരുന്നുണ്ട്. അതോടൊപ്പം സുപ്രീം കോടതിയിൽ കഴിഞ്ഞ ദിവസങ്ങളിൽ സമർപ്പിച്ച കേന്ദ്ര സർക്കാരിനെതിരായ കോടതിയലക്ഷ്യ ഹർജികളും ഇന്ന് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ടുണ്ട്.
ഡൽഹിയിലെ ജന്തർമന്തറും പാർലമെൻ്റ് സ്ട്രീറ്റും ഉൾപ്പെടെ കടുത്ത പൊലീസ് കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാൻ 30,000 പൊലീസുകാരെയും 200 കമ്പനി പാരാമിലിറ്ററി ഫോഴ്സിനേയും കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുണ്ട്.