ഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ പരിഗണിച്ചപ്പോൾ രാഹുൽഗാന്ധി ബിഎംഡബ്ല്യു ബൈക്ക് ഓടിക്കുകയാണ് ചെയ്തത്. ഒരാഴ്ച കഴിഞ്ഞ് പോയാലും ബിഎംഡബ്ല്യു കമ്പനി അവിടെ തന്നെ ഉണ്ടാകുമെന്നും ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.
ജനവിരുദ്ധ ബില്ല് പാർലമെൻ്റിൽ വരുമ്പോൾ പ്രതിപക്ഷനേതാവ് എവിടെ എന്ന് ചോദിച്ച ബ്രിട്ടാസ് രാഹുൽഗാന്ധിയുടെ അഭാവത്തിൽ കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എംപിമാർക്കും അതൃപ്‌തിയുണ്ടെന്നും വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റി വിബി ജി റാം ജി എന്നാക്കി മാറ്റുന്നതിനുള്ള ബില്ല് പരിഗണിക്കുന്ന സമയത്ത് രാഹുൽ ഗാന്ധി മ്യൂണിക്കിലെ ബിഎംഡബ്ല്യൂ പ്ലാൻ്റി സന്ദർശനം നടത്തുകയായിരുന്നു.
ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസിൻ്റെ 450 സിസി ബൈക്ക് കണ്ടതിൽ സന്തോഷം പങ്കുവച്ച് കൊണ്ട് രാഹുൽ ഗാന്ധി ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. ഇന്ത്യൻ എഞ്ചിനീയറിങ് ലോകവേദിയിൽ തിളങ്ങുന്നത് കാണുമ്പോൾ അഭിമാനം ഉണ്ടെന്നും, അതിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് അഭിമാനകരമായ നിമിഷമാണെന്നുമായിരുന്നു രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
ഇന്ത്യയിലെ നിർമാണ മേഖല ക്ഷയിച്ച കൊണ്ടിരിക്കുകയാണ് എന്നത് ദുഃഖകരമായ ഒന്നാണെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാജ്യത്തെ വളരെ വേഗത്തിലാക്കാൻ കൂടുതൽ ഉൽപ്പാദനം നടത്തേണ്ടതുണ്ട്. രാജ്യത്ത് മികച്ച ഉൽപ്പന്നങ്ങൾ നിർമിക്കുകയും, മികച്ച തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുകയും വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.