

ഭോപ്പാൽ: ഭോപ്പാലിലെ കുനോ നാഷണൽ പാർക്കിലെ ചീറ്റപ്പുലി അഞ്ച് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. നമീബിയൻ ചീറ്റപ്പുലിയായ ജ്വാലക്കാണ് കുഞ്ഞുങ്ങൾ പിറന്നത്. ഇതോടെ രാജ്യത്തെ ചീറ്റകളുടെ എണ്ണം 53 ആയി.
കുനോ നാഷണൽ പാർക്കിലെ സംരക്ഷിത ആവാസ വ്യവസ്ഥയിൽ വെറ്റിനറി ടീമിൻ്റെ പ്രത്യേക മേൽ നോട്ടത്തിലായിരുന്നു ജ്വാല കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. ഇതോടെ ഇന്ത്യയിൽ തന്നെ ജനിച്ച ചീറ്റപ്പുലികളുടെ എണ്ണം 33 ആയി.
വംശ നാശം നേരിടുന്ന ചീറ്റകളുടെ സംരക്ഷണത്തിനു വേണ്ടി ഇന്ത്യ നടത്തുന്ന ഉദ്യമങ്ങൾക്കൊരു മുതൽക്കൂട്ടായാണ് ചീറ്റ കുഞ്ഞുങ്ങളുടെ പിറവിയെ അധികൃതർ നോക്കിക്കാണുന്നത്. 2022ലാണ് ജ്വാലയെ നമീബിയയിൽ നിന്ന് കുനോ നാഷണൽ പാർക്കിലെത്തിച്ചത്. ഇത് മൂന്നാം തവണയാണ് ജ്വാല കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്.