ഹൈദരാബാദ്: തെലങ്കാന ജാഗ്രതി സ്ഥാപകയും മുൻ എംപിയുമായ കെ. കവിത പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നു. "സർവോദയ തെലങ്കാന" എന്ന പേരിലാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയെന്ന് കവിത പ്രഖ്യാപിച്ചു. പാർട്ടി രൂപീകരണം സംസ്ഥാന രാഷ്‌ട്രീയത്തിലെ ഒരു പുതുയുഗത്തിൻ്റെ തുടക്കമായിരിക്കുമെന്ന് അവർ അവകാശപ്പെട്ടു.
2026 ഏപ്രിൽ 25 ന് രാവിലെ 10 മണിക്ക് മെഡ്‌ചലിലെ അദ്വായ കൺവെൻഷനിൽ പാർട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനം നടക്കുമെന്ന് കവിത അറിയിച്ചു. ലോഞ്ച് പരിപാടിയിൽ പാർട്ടിയുടെ പേരും പതാകയും ഔദ്യോഗികമായി അനാച്ഛാദനം ചെയ്യുമെന്നും കവിത വ്യക്തമാക്കി. മഹാത്മാഗാന്ധി ആവിഷ്കരിച്ച "സർവോദയ" എന്ന പദം എല്ലാവരുടെയും സാർവത്രിക ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടിയുള്ളതാണെന്ന് കവിത പറഞ്ഞു.
വികസനവും സ്വയംപര്യാപ്തതയും ആണ് അതിൻ്റെ അടിസ്ഥാന തത്വങ്ങൾ ഉൾക്കൊള്ളുന്നു എന്നും കവിത ചൂണ്ടിക്കാട്ടി. സംസ്ഥാന രൂപീകരണത്തിന് ഒരു പതിറ്റാണ്ടിലേറെയായി തെലങ്കാനയിലെ ജനങ്ങളുടെ പൂർത്തീകരിക്കപ്പെടാത്ത അഭിലാഷങ്ങൾ പരിഹരിക്കുക എന്നതാണ് പുതിയ രാഷ്ട്രീയ വേദിയുടെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.
12 വർഷങ്ങൾക്ക് ശേഷവും നമുക്ക് വെള്ളം, ഫണ്ട്, ജോലി എന്നിവ, നേടിയെടുക്കാൻ സാധിച്ചിട്ടില്ല. കർഷകരുടെയും യുവാക്കളുടെയും വ്യവസായികളുടെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെയും പ്രതീക്ഷകൾ നിറവേറ്റുന്നതിൽ തുടർച്ചയായ സർക്കാരുകൾ പരാജയപ്പെട്ടുവെന്നും കവിത ആരോപിച്ചു.
പട്ടികജാതി, പട്ടികവർഗ, ബിസി വിഭാഗങ്ങൾ മുതൽ മുസ്ലീങ്ങൾ, സിഖുകാർ, ക്രിസ്ത്യാനികൾ തുടങ്ങിയ ന്യൂനപക്ഷങ്ങൾ വരെയുള്ളവർ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും അതേസമയം രാഷ്ട്രീയത്തിലും നയരൂപീകരണത്തിലും സ്ത്രീകളുടെ പ്രാതിനിധ്യം കുറവാണെന്നും കവിത പറഞ്ഞു. എല്ലാ വിഭാഗങ്ങളെയും വോട്ട് ബാങ്കുകളായി മാത്രം കണക്കാക്കുന്നുവെന്നും കവിത പറഞ്ഞു.
പുരുഷന്മാർ നയിക്കുന്ന നിരവധി പാർട്ടികൾ നമ്മൾ കണ്ടിട്ടുണ്ട്. യഥാർഥ സർവോദയ തെലങ്കാന കൈവരിക്കുന്നതിന് സ്ത്രീകൾ നയിക്കുന്ന ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ ആവശ്യകതയുണ്ട് എന്നും കവിത വ്യക്തമാക്കി.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തെലങ്കാന ജാഗ്രതിയുടെ പ്രവർത്തനങ്ങളെയും കവിത എടുത്തുകാണിച്ചു. 2014നും 2018നും ഇടയിൽ ജീവനൊടുക്കിയ 300 ഓളം കർഷകരുടെ കുടുംബങ്ങൾക്ക് പെൻഷൻ സഹായമായി 2,500 രൂപ സാമ്പത്തിക സഹായം നൽകിയതായും, കോവിഡ്-19 സമയത്ത് ആയിരക്കണക്കിന് ആളുകൾക്ക് സഹായം നൽകിയെന്നും അവർ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയം നമ്മുടെ ജീവിതത്തിൻ്റെ സർവ മേഖലകളെയും സ്വാധീനിക്കുന്നു. യുവാക്കൾ വിട്ടുനിൽക്കരുത്. മറിച്ച് സജീവമായി പങ്കെടുക്കണം. തെലങ്കാനയിലുടനീളമുള്ള യുവാക്കളെ പുതിയ പാർട്ടിയിൽ ചേരണമെന്നും കവിത അറിയിച്ചു. നമുക്ക് മറ്റുള്ളവരെ ആശ്രയിക്കാൻ കഴിയില്ല. തെലങ്കാനയുടെ ഭാവി നമ്മൾ തന്നെ മാറ്റണമെന്നും കവിത പറഞ്ഞു.