
ഡല്‍ഹി: കൽക്കാജി ക്ഷേത്രത്തിലെ പൂജാരി മർദനത്തിനിരയായി കൊല്ലപ്പെട്ടു. പ്രസാദവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന് പിന്നാലെ ഒരു കൂട്ടം ആളുകൾ പൂജാരിയെ മർദിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.
35 കാരനായ യോഗേന്ദ്ര സിംഗ് ആണ് മരിച്ചത്. 15 വര്‍ഷമായി ക്ഷേത്രത്തിലെ പൂജാരിയായ യോഗേന്ദ്ര സിംഗ് ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സ്വദേശിയാണ്.
ക്ഷേത്ര പരിസരത്ത് ആക്രമണം നടക്കുന്നെന്ന തരത്തില്‍ കഴിച്ച ദിവസം രാത്രി 9.30 ഓടെയാണ് വിവരം ലഭിച്ചതെന്നാണ് പൊലീസ് പറഞ്ഞു. പൊലീസ് എത്തുമ്പോള്‍ മര്‍ദ്ദനത്തിനിരയായി കിടക്കുന്ന യോഗേന്ദ്ര സിംഗിനെയാണ് കണ്ടത്.
ഒരു കൂട്ടം ആളുകളെത്തി പ്രസാദം ചോദിച്ചു. കുറച്ചു സമയം കാത്തിരിക്കൂ തരാമെന്ന് യോഗേന്ദ്ര പറഞ്ഞെങ്കിലും അവര്‍ അത് കേട്ടില്ല, പിന്നാലെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും ക്ഷേത്രത്തിലെ മറ്റൊരു പൂജാരി പറഞ്ഞു. ഇവര്‍ ക്ഷേത്രത്തിലെത്തിയത് തന്നെ മോശം പെരുമാറ്റത്തോടെയാണെന്നും ചോദിക്കുന്നതെല്ലാം കൊടുക്കണമെന്ന രീതിയായിരുന്നു അവര്‍ക്കെന്നും പൂജാരിയായ രാജു പറഞ്ഞു.
15 പേരാണ് ക്ഷേത്രത്തിലേക്ക് എത്തിയതെന്നും അവരുടെ കൈയ്യില്‍ ഇരുമ്പ് വടികള്‍ അടക്കം ഉണ്ടായിരുന്നെന്നും രാജു പറഞ്ഞു. വടികളുപയോഗിച്ചും മുഷ്ടി ചുരുട്ടിയുമാണ് യോഗേന്ദ്ര സിംഗിനെ ഒരു കൂട്ടം ആളുകളെത്തി മര്‍ദിച്ചത്. യോഗേന്ദ്ര സിംഗിനെ എയിംസ് ട്രോമ സെന്ററിലേക്ക് എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ ദക്ഷിണ്‍പുരി സ്വദേശിയായ അതുല്‍ പാണ്ഡേ (30) പിടിയിലായി. പ്രദേശവാസികള്‍ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 103 (കൊലപാതകം), 3(5) എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കല്‍ക്കാജി പൊലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടര്‍ന്നു വരികയാണെന്നും പൊലീസ് പറഞ്ഞു.